പുതുവത്സര ദിനത്തിൽ പുലർച്ചെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുപത്തിമൂന്നുകാരി ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ച് യുവാക്കളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

ദില്ലി : ദില്ലിയിൽ കാർ ഇടിച്ച് വലിച്ചിഴച്ചു യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സുൽത്താൻ പുരി പൊലീസ് സ്റ്റേഷനു മുന്നിലാണ് സ്ത്രീകൾ അടക്കം പ്രതിഷേധിക്കുന്നത്. പ്രതിഷേധകർ പൊലീസ് വാഹനം തടഞ്ഞു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ലഫ്റ്റ്നന്റ് ഗവർണറുമായി കെജ്‌രിവാൾ സംസാരിച്ചു. പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെങ്കിലും ദയ കാട്ടരുതെന്ന് ആവശ്യപ്പെട്ടുവെന്നും ഗവർണർ നടപടി ഉറപ്പ് നൽകി എന്നും കെജ്‌രിവാൾ പറഞ്ഞു.

ദില്ലിയെ നടുക്കി പുതുവത്സര ദിനത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. യുവതിയെ കാറിൽ കിലോമീറ്ററുകൾ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. പുതുവത്സര ദിനത്തിൽ പുലർച്ചെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുപത്തിമൂന്നുകാരി ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ച് യുവാക്കളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ നാല് മണിയോടെയാണ് ദില്ലി സുൽത്താൻ പുരിയിൽ യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ‍തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങൾ കാറിനടിയിൽ കുടുങ്ങി. മദ്യലഹരിയിലായിരുന്ന കാറിലെ അഞ്ച് യുവാക്കളും നാല് കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കഞ്ച്ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

Read More : ദില്ലിയെ നടുക്കി കൊലപാതകം, യുവതിയെ കിലോമീറ്ററുകൾ കാറിൽ വലിച്ചിഴച്ചു, 5 യുവാക്കൾ അറസ്റ്റിൽ

മൃതദേഹം കണ്ട നാട്ടുകാരിലൊരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ അറസ്റ്റിലായത്. യുവതിയുടെ വസ്ത്രങ്ങൾ കാറിനടിയിൽ കുടുങ്ങിയത് അറിഞ്ഞില്ലെന്നാണ് യുവാക്കളുടെ വാദം. എന്നാൽ അഞ്ച് പേരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ദില്ലി പൊലീസിനോട് ഹാജരാകാൻ നിർദേശിച്ചു. ദില്ലി അമൻ വിഹാർ സ്വദേശിയാണ് യുവതി.

Scroll to load tweet…