ദില്ലി: ജമ്മുകശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് 'വൃത്തികെട്ട സിനിമകള്‍' കാണാനെന്ന വിവാദപരാമർശവുമായി നീതി അയോഗ് അംഗം വി കെ സരസ്വത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തതിന് പിന്നാലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയത് സമ്പദ്‌വ്യവസ്ഥയില്‍ വലിയ  പ്രത്യാഘാതമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും സരസ്വത് പറഞ്ഞു. ധിരുഭായി അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജിയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്തിനാണ് രാഷ്ട്രീയക്കാര്‍ കശ്മീരിലേക്ക് പോകുന്നത്?. ദില്ലിയിലെ റോഡുകളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവർക്ക് കശ്മീരിലും പുനഃസൃഷ്ടിക്കണം. അതിനായി അവർ സമൂഹമാധ്യമങ്ങളിലൂടെ തീകൊളുത്തുകയാണ്. കശ്മീരില്‍ ഇന്‍റര്‍നെറ്റ് ഇല്ലാത്തതുകൊണ്ട് എന്താണ് പ്രശ്നം?. ഇന്റർനെറ്റിലൂടെ എന്താണ് നിങ്ങള്‍ അവിടെയുള്ളവർ കാണുന്നത്?. വൃത്തികെട്ട സിനിമകള്‍ കാണുന്നതല്ലാതെ നിങ്ങള്‍ മറ്റൊന്നും ഇന്റർനെറ്റില്‍ ചെയ്യുന്നില്ല',-എന്നായിരുന്നു സരസ്വതിന്റെ പ്രസ്താവന.

എന്നാല്‍, ഇന്‍റര്‍നെറ്റിന് വിലക്കേർപ്പെടുത്തിയത് കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചില്ലെന്ന് പറയാനാണ് താന്‍  ശ്രമിച്ചതെന്ന് പറഞ്ഞ് വിവാദത്തില്‍നിന്ന് സരസ്വത് തലയൂരുകയായിരുന്നു. രാജ്യത്തിന്റെ വികസനത്തിന് ടെലികോം വളരെ പ്രധാനമാണ് എന്നു പറയുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് ജമ്മുകശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സരസ്വത്.

ഇതിനിടെ, ജമ്മു കശ്മീരില്‍ 2ജി മൊബൈല്‍ സേവനം ശനിയാഴ്ച പുനഃസ്ഥാപിച്ചു. എന്നാല്‍ ശ്രീനഗറിലും മറ്റ് ഏഴ് ജില്ലകളിലുമുള്ള ഇന്‍റര്‍നെറ്റ് വിലക്ക് തുടരും. ഓഗസ്റ്റ് അഞ്ചുമുതലാണ് കശ്മീരില്‍ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയത്.