വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോൾ അനുവദിച്ചു. ചികിത്സയിലുള്ള പിതാവിനെ പരിചരിക്കാൻ അനുവദിക്കണമെന്ന പേരറിവാളന്‍റെ അപേക്ഷ പരിഗണിച്ചാണ് ജയിൽ അധികൃതർ പരോൾ അനുവദിച്ചത്. വെല്ലൂർ സെന്‍ട്രല്‍ ജയിലിലുള്ള പേരറിവാളന് 2017 ഓഗസ്റ്റിലും ഒരു മാസം പരോൾ ലഭിച്ചിരുന്നു. 1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധിയും മറ്റ് 14 പേരും എല്‍ടിടിഇ മനുഷ്യ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ ശ്രീ  പെരുംമ്പത്തൂരിൽ വച്ചായിരുന്നു  സംഭവം. കേസിൽ പേരറിവാളന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.

നേരത്തെ പ്രതികളിലൊരാളായ റോബര്‍ട്ട് പയസ് പരോള്‍ അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകന്‍റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ 30 ദിവത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു റോബര്‍ട്ട് പയസിന്‍റെ ആവശ്യം. രാജീവ്ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതി നളിനിക്ക് നേരത്തെ 51 ദിവസത്തെ പോരള്‍ കോടതി അനുവദിച്ചിരുന്നു. മകളുടെ വിവാഹചടങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന നളിനിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി.