ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ എന്ന ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമ നശിപ്പിച്ച് സാമൂഹിക ദ്രോഹികള്‍. പ്രതിമയില്‍ കാവി നിറം ഒഴിക്കുകയും കഴുത്തില്‍ ചെരുപ്പ് മാല അണിയിക്കുകയുമായിരുന്നു. തമിഴ്്‌നാട്, തിരുച്ചിയിലെ ഇനാംകുളത്തൂരിലെ പെരിയാറിന്റെ പ്രതിമയാണ് നശിപ്പിച്ചത്. 

സംഭവം അറിഞ്ഞയുടനെ പൊലീസ് എത്തുകയും പ്രതിമ വൃത്തിയാക്കുകയും ചെയ്തു. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അജ്ഞാതരായ. സംഘം ഒളിവിലാണ്. പെരിയാര്‍ പ്രതിമകള്‍ തകര്‍ക്കുന്നത് ഇതാദ്യമല്ലെന്നും പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട വിവിധ സംഘടനകള്‍ തിരുച്ചിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

സംഭവത്തില്‍ ബിജെപിക്കെതിരെ കനിമൊഴി രംഗത്തെത്തി. '' കാവി നിറമാണ് പെരിയാറിന്റെ പ്രതിമയ്ക്ക് മുകളില്‍ ഒഴിച്ചത്. ഇത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തിയാണ്. പെരിയാറിന്റെ ജന്മദിനത്തില്‍, പെരിയാര്‍ സാമൂഹിക പരിഷ്‌കരണത്തിനായി നടത്തിയ പ്രയത്‌നം തുറന്നു പറയുന്നതില്‍ യാതൊരു മടിയുമില്ലെന്ന് ബിജെപി അധ്യക്ഷന്‍ എല്‍ മുരുഗന്‍ പറഞ്ഞിരുന്നു. ഇതാണോ നിങ്ങള്‍ നല്‍കുന്ന ആദരവ്...'' കനിമൊഴി കുറിച്ചു. 

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം, കോയമ്പത്തൂരിലെ സുന്ദരപുരത്തെ പെരിയാര്‍ പ്രതിമ തകര്‍ത്തിരുന്നു. പ്രതിമയില്‍ കാവി നിറം ഒഴിച്ചിരുന്നു.