ദില്ലി: ഉത്തർപ്രദേശിലെ പൊലീസ് ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വികാസ് ദുബെയുടെ വലംകൈയായി അറിയപ്പെടുന്ന അമര്‍ ദുബെ അടക്കം അഞ്ച് അനുയായികൾ ഇതിനിടെ വിവിധ ഏറ്റമുട്ടലുകളിലായി കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകൻ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ഇന്നലെ സമർപ്പിച്ച ഹർജിയിൽ ദുബെയും കൊല്ലപ്പെട്ടേക്കാം എന്ന് ആശങ്ക പ്രകടിപ്പിച്ചിരന്നു. 

ഇന്ന് രാവിലെയാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. പൊലീസിന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് വിശദീകരണം. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. നാല് വെടിയുണ്ടകളാണ് ദുബെയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. 

ദുബെയുമായി കാൺപൂരിലേക്ക് പോവുകയായിരുന്നു പൊലീസ്. യാത്രക്കിടെ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയും, മറിഞ്ഞ വാഹനത്തിൽ നിന്ന് ദുബെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് വെടിവച്ചുവെന്നാണ് പൊലീസ് വിശദീകരണം. പലതവണ വെടിയൊച്ച കേട്ടെന്ന് നാട്ടുകാർ പറയുന്നു.

" ദുബെയുമായി പോയ വാഹനം കാൺപൂരിന് സമീപം അപകടത്തിൽ പെട്ടു, അപകടത്തിൽ പരിക്കേറ്റ വികാസ് ദുബൈ പൊലീസുകാരുടെ തോക്ക് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസുകാർ ദുബെയെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ദുബെ വഴങ്ങിയില്ല. പൊലീസുകാർക്കെതിരെ വെടിയുതിർത്ത ദുബെയെ ആത്മരക്ഷാർത്ഥം വെടിവയ്‍ക്കേണ്ടതായി വന്നത് " - യുപി പൊലീസിന്‍റെ വിശദീകരണം ഇങ്ങനെയാണ്.


യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി. കാൺപൂരിലെ ഹൈലാൻ്റ് ആശുപത്രിയിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥ‌‌‌‌ർ എത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാ‌ർക്ക് പരിക്കേറ്റിട്ടുണ്ട്. കാൺപൂ‌ർ ന​ഗരത്തിൽ നിന്ന് 17 കിലോമീറ്റ‌ർ അകല ബാരാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്.