ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഐഐടിയിലെ ദുരൂഹ മരണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്‍യു നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഈ അന്വേഷണം പൂര്‍ത്തീകരിക്കുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇന്നലെ ഫാത്തിമ ലത്തീഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് വനിതാ കമ്മീഷൻ ഐഐടിയിലെത്തി പരിശോധന നടത്തി. ആരോപണ വിധേയരായ അധ്യാപകരുടെ മൊഴി  രേഖപ്പെടുത്തി. ഫാത്തിമ ചൂഷണം നേരിട്ടോ എന്ന്  വ്യക്തമായിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കമ്മീഷൻ അധ്യക്ഷ കണ്ണകി ഭാഗ്യനാഥൻ വ്യക്തമാക്കി.

ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം പരിഗണിക്കാമെന്ന് ദില്ലിയിലെത്തിയ കുടുംബാംഗങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പുനൽകിയിരുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഫാത്തിമയുടെ പിതാവും സഹോദരിയും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വതന്ത്ര അന്വേഷണം നടത്തുമെന്നും കുറ്റവാളി രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രിയും ഉറപ്പുനൽകിയിരുന്നു. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും ഫാത്തിമയോട് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പിതാവ് അബ്ദുള്ള ലത്തീഫിന്‍റെ ആരോപണം. അവരുടെ പേരുകള്‍ എഴുതിവച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ തന്നെ തെളിവുകൾ നശിപ്പിച്ചെന്നും തമിഴ്നാട് പൊലീസിന്‍റെ ഭാഗത്ത് നിന്ന് നിരുത്തരപരമായ പ്രവ‍ർത്തനങ്ങളാണ് തുടക്കത്തിലുണ്ടായത്. മരണം കൊലപാതകമാണോ എന്നും അന്വേഷിക്കണമെന്നുമാണ് പിതാവിന്‍റെ ആവശ്യം.