പെട്രോൾ ഡീസൽ വില കുറയും, 4 ഗ്യാസ് സിലിണ്ടർ ഫ്രീ, മത സംവരണം റദ്ദാക്കും; ബിജെപിയുടെ വമ്പൻ വാഗ്ദാനം തെലങ്കാനയിൽ
സ്ത്രീകൾക്ക് പത്ത് ലക്ഷം തൊഴിൽ അവസരം ഉണ്ടാക്കുമെന്നും ബി ജെ പി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഹൈദരാബാദ്: തെലങ്കാനയിൽ വമ്പൻ വാഗ്ദാനങ്ങളുമായി ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി. പെട്രോൾ, ഡീസൽ വാറ്റ് കുറയ്ക്കും എന്നതാണ് തെലങ്കാനയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനനങ്ങളിലൊന്ന്. വാറ്റ് കുറച്ചാൽ സ്വാഭാവികമായും പെട്രോൾ, ഡീസൽ വിലയും കുറയും. മതത്തിന്‍റെ അടിസ്ഥാനത്തിൽ ഉള്ള സംവരണം റദ്ദാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്. സ്ത്രീകൾക്ക് പത്ത് ലക്ഷം തൊഴിൽ അവസരം ഉണ്ടാക്കുമെന്നും ബി ജെ പി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉജ്ജ്വല പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് വർഷം നാല് സിലിണ്ടർ സൗജന്യമായി നൽകുമെന്നും ബി ജെ പി പ്രകടന പത്രിക പറയുന്നു. കേന്ദ്രമന്ത്രി അമിത് ഷാ ആണ് ബി ജെ പിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം നേരത്തെ തന്നെ സംസ്ഥാനത്ത് കോൺഗ്രസ് വമ്പൻ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചിരുന്നു. തെലങ്കാനയിൽ ആറ് ഗ്യാരന്‍റി കാർഡുകൾക്ക് പുറമേ വമ്പൻ വാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. 38 ഇന വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഗാന്ധി ഭവനിൽ വച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ബി ആർ എസ് നടപ്പാക്കി വരുന്ന ക്ഷേമപദ്ധതികളുടെ ഒരു പടി മുകളിൽ കടന്നുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. ജാതി സെൻസസ്, ദളിത്, ആദിവാസി സംവരണത്തിലും ആറ് ഗ്യാരന്റികളിലും കർഷകർക്കുള്ള വാഗ്ദാനങ്ങളിലും ഊന്നിയുള്ള പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. അധികാരത്തിലേറി ആറ് മാസത്തിനകം ജാതി സെൻസസ് നടത്തുമെന്നും എസ് സി സംവരണപരിധി 18% ആയും, എസ് ടി സംവരണപരിധി 12% ആയും ഉയർത്തുമെന്നും പത്രികയിൽ പറയുന്നു പിന്നാക്ക സംവരണം 42% ആയി ഉയർത്തും. സർക്കാർ സഹായം സ്വീകരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കായി സംവരണ നയം കൊണ്ടു വരും. കർഷകരുടെ 2 ലക്ഷം വരെയുള്ള കൃഷി വായ്പ അധികാരത്തിലേറിയ ദിവസം തന്നെ എഴുതിത്തള്ളും. കർഷകർക്ക് 3 ലക്ഷം വരെ പലിശ രഹിത വായ്പ നൽകുമെന്നും പത്രികയിലുണ്ട്. മഹാലക്ഷ്മി, റൈതു ഭരോസ, ഗൃഹജ്യോതി, യുവ വികാസം, ചെയുത, രാജീവ് ആരോഗ്യശ്രീ എന്നിവയാണ് ആറ് ഗ്യാരന്റികൾ. ജില്ലകൾ പുനഃസംഘടിപ്പിക്കുമെന്നും അതിലൊന്നിന് നരസിംഹറാവുവിന്റെ പേര് നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.