ഡ്രഗ്സ് കൺട്രോളറിൽ നിന്ന് അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യകമ്പനിയാണ് ഫൈസർ. എന്നാൽ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിച്ചേ തീരൂവെന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക.
ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിൻ ഉപയോഗത്തിന് അടിയന്തര അനുമതി തേടി ആഗോള മരുന്ന് ഭീമനായ ഫൈസർ. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് വാക്സിൻ ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസർ. യുകെയിലും ബഹ്റൈനിലും ഫൈസർ വാക്സിൻ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു. ഇന്ത്യയിൽ ഫൈസർ വാക്സിൻ പരീക്ഷണം നടത്തിയിട്ടില്ല.
രാജ്യത്ത് വിൽപ്പനയ്ക്കും വിതരണത്തിനുമുള്ള അനുമതിയാണ് ഫൈസർ തേടിയിരിക്കുന്നത്. രാജ്യത്ത് ഫൈസർ ഈ വാക്സിന്‍റെ ക്ലിനിക്കൽ ട്രയലുകൾ നടത്തിയിട്ടില്ല എന്നതിനാൽ, ഇത് ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട്, പുതിയ ഡ്രസ്ഗ് & ക്ലിനിക്കൽ ട്രയൽസ് നിയമം 2019 പ്രകാരമാണ് അടിയന്തര അനുമതി തേടിയിരിക്കുന്നത്.
ഫൈസറും ജർമൻ മരുന്ന് നിർമാണക്കമ്പനിയായ ബയോ'എൻടെക്കും ചേർന്ന് നിർമിച്ച COVID-19 mRNA vaccine BNT162b2 എന്ന വാക്സിനാണ് ഉപയോഗ അനുമതി തേടിയിരിക്കുന്നത്. യുകെയിൽ ഈ വാക്സിൻ രാജ്യവ്യാപകമായിത്തന്നെ ഉപയോഗിക്കാൻ ആരോഗ്യമന്ത്രാലയ അധികൃതർ അനുമതി നൽകിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. കൊവിഡിൽ നിന്ന് 95% സുരക്ഷ ഈ വാക്സിൻ ഉറപ്പ് നൽകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബഹ്റൈനും യുകെയ്ക്ക് പിന്നാലെ ഈ വാക്സിന് അനുമതി നൽകിയിരുന്നു. അമേരിക്കയിലും ഈ വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി കമ്പനി തേടിയിട്ടുണ്ട്.
എന്നാൽ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിച്ചേ തീരൂവെന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. ഇന്ത്യയിൽ, പ്രത്യേകിച്ച് ചെറുപട്ടണങ്ങളിലും ഗ്രാമീണമേഖലയിലും, ഇത്രയും കുറഞ്ഞ താപനിലയിൽ വാക്സിൻ സൂക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, അപ്രായോഗികവുമാണ്.
എന്നാൽ രാജ്യവ്യാപകമായി എല്ലാ മുൻകരുതലുകളും പാലിച്ച് വാക്സിനെത്തിക്കാൻ ഫൈസർ തയ്യാറാണെന്നാണ് അറിയിക്കുന്നത്. സർക്കാർ മുഖേന മാത്രമേ വാക്സിൻ വിതരണം ചെയ്യൂ എന്നും, അതാത് സർക്കാർ അധികൃതർ നിശ്ചയിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ തയ്യാറാണെന്നും ഫൈസർ അറിയിക്കുന്നു.
രാജ്യത്ത് നിലവിൽ പരീക്ഷണത്തിലിരിക്കുന്നത് അഞ്ച് വാക്സിനുകളാണ്. ഓക്സ്ഫഡ് - ആസ്ട്രാസെനകയുടെ കൊവിഡ് വാക്സിനായ കൊവിഷീൽഡിന്‍റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ പരീക്ഷിക്കുന്നത് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. രാജ്യത്ത് തന്നെ വികസിപ്പിക്കപ്പെട്ട ഭാരത് ബയോടെകിന്‍റെ കൊവാക്സിനും മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. സൈഡസ് കാഡില എന്ന കമ്പനിക്കും മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് അനുമതി നൽകിയിട്ടുണ്ട് കേന്ദ്രസർക്കാർ.