ഇന്ത്യയിലെ എല്ലാ രോഗികൾക്കും കൊവിഡ് ചികിൽസ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നത് എന്ന് ഫൈസർ ചെയർമാൻ വ്യക്തമാക്കി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമാണിത് എന്നും ഫൈസർ ചെയർമാൻ ആൽബേർട്ട് ബുർല പറഞ്ഞു.
ദില്ലി: അഞ്ഞൂറ് കോടി രൂപ വിലയുള്ള കൊവിഡ് മരുന്ന് ഇന്ത്യയ്ക്ക് നൽകുമെന്ന് ഫൈസർ അറിയിച്ചു. ഫൈസർ തന്നെ ഉത്പാദിപ്പിക്കുന്ന മരുന്ന് ആണ് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്. രാജ്യത്തെ കൊവിഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ച മരുന്ന് ആണ് ഇത്. അതേസമയം, ഫൈസർ ഉത്പാദിപ്പിക്കുന്ന വാക്‌സിന് ഇതുവരെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടില്ല.
ഇന്ത്യയിലെ എല്ലാ രോഗികൾക്കും കൊവിഡ് ചികിൽസ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നത് എന്ന് ഫൈസർ ചെയർമാൻ വ്യക്തമാക്കി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമാണിത് എന്നും ഫൈസർ ചെയർമാൻ ആൽബേർട്ട് ബുർല പറഞ്ഞു. ഫൈസറിന്റെ അപേക്ഷ വിദഗ്ധ സമിതിക്ക് മുന്നിൽ ഉള്ളപ്പോഴാണ് കമ്പനിയുടെ സഹായം ഇന്ത്യയെ തേടി എത്തുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന കണക്ക് ഇന്നും മൂന്നരലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3,68,147 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്നാണ് രാവിലെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 3417 മരണം കൂടി സർക്കാർ ഔദ്യോഗികമായി കണക്കിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,18,959 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 34,13,642 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പറയുന്നു.
