ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു മന്ത്രി മാളിന് പിന്നിൽ വെച്ചാണ് സംഭവം. ബിഫാം വിദ്യാര്‍ത്ഥിനിയായ യാമിനിയാണ് കൊല്ലപ്പെട്ടത്. പ്രണയനൈരാശ്യത്തെതുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ്. പ്രതിക്കായി അന്വേഷണം

ബെംഗളൂരു: ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. ബിഫാം വിദ്യാര്‍ത്ഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു മന്ത്രി മാളിന് പിന്നിലായി റെയില്‍വെ ട്രാക്കിന് സമീപത്തെ റോഡിലാണ് കൊലപാതകം നടന്നത്. കൊല നടത്തിയശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. കത്തി പലതവണ കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. പ്രതിയായ വിഗ്നേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ഏഴിന് പരീക്ഷക്കായാണ് പ്രിയ വീട്ടിൽ നിന്ന് പോയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വിഗ്നേഷ് പ്രിയയെ ബൈക്കിൽ പിന്തുടരുകയായിരുന്നുവെന്നാണ് വിവരം. തന്‍റെ പ്രണയം നിരസിച്ചതിന്‍റെ പകയിൽ വിഗ്നേഷ് പ്രിയയെ കയ്യിൽ കരുതിയ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശ്രീറാംപുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

YouTube video player