ഭാര്യ ഇവയെ കിടക്കയിൽ വരെ കയറാൻ അനുവദിക്കുവെന്നും നായ്ക്കളെ തങ്ങൾക്കൊപ്പം ഉറങ്ങാൻ അനുവദിക്കുന്നുവെന്നുമാണ് യുവാവ് പരാതിപ്പെടുന്നത്

അഹമ്മദാബാദ്: ഭാര്യയ്ക്ക് സ്നേഹം തെരുവ് നായ്ക്കളോട്, മാനസിക സമ്മർദ്ദം സഹിക്കാനാവുന്നില്ല, വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവാവ്. അഹമ്മദാബാദ് സ്വദേശിയായ യുവാവാണ് വിവാഹ മോചന ആവശ്യവുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കുടുംബ കോടതി തന്റെ പരാതി തള്ളിയെന്ന് വിശദമാക്കിയാ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. 2006ൽ വിവാഹിതനായ 41കാരനാണ് കോടതിയെ സമീപിച്ചത്. താങ്ങാനാവാത്ത മാനസിക സമ്മർദ്ദം ഏൽപ്പിച്ച ഭാര്യയ്ക്കെതിരെ ക്രൂരത എന്ന വിഭാഗത്തിലാണ് 41കാരൻ വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവുനായകളെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യ, ഇവയെ കിടക്കയിൽ വരെ കയറാൻ അനുവദിക്കുവെന്നും നായ്ക്കളെ തങ്ങൾക്കൊപ്പം ഉറങ്ങാൻ അനുവദിക്കുന്നുവെന്നുമാണ് യുവാവ് പരാതിപ്പെടുന്നത്. ഒരിക്കൽ ഭാര്യ വീട്ടിൽ കൊണ്ടുവന്ന തെരുവുനായകളിലൊന്ന് 41കാരനെ ആക്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നത്.

പ്രാങ്ക് വീഡിയോയിൽ പരസ്യമായി പരിഹാസ്യനാക്കിയെന്നും പരാതി 

നിരവധി തവണ ആവശ്യപ്പെട്ട ശേഷവും നായയെ വീട്ടിൽ നിന്ന് ഒഴിവാക്കാൻ ഭാര്യ തയ്യാറായില്ലെന്നാണ് പരാതി. ഭാര്യയുടെ നായ സ്നേഹത്തെ എതിർത്തതോടെ യുവതി ഒരു മൃഗസംരക്ഷണ ഗ്രൂപ്പിനൊപ്പം ചേർന്ന് ആളുകൾക്കെതിരെ പരാതി നൽകാനും തുടങ്ങിയെന്നും ഇത് തന്നെ അപമാനിക്കാൻ ലക്ഷ്യമിട്ട് മാത്രമാണെന്നുമാണ് 41കാരന്റെ ആരോപണം. ഉപേക്ഷിച്ചാൽ സ്ത്രീധനക്കേസ് ഫയൽ ചെയ്യുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും 41കാരൻ പരാതിയിൽ ആരോപിക്കുന്നു.

ജന്മദിനത്തിൽ ഒരു റേഡിയോ പ്രാങ്കിന് തന്നെ ഇരയാക്കിയെന്നും യുവാവ് ആരോപിക്കുന്നു. എന്നാൽ ഇതെല്ലാം തന്നെ ഭർത്താവ് വിവാഹ മോചനം നേടിയെടുക്കാൻ കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇതെന്നാണ് യുവതിയുടെ വാദം. അഹമ്മദാബാദ് കുടുംബ കോടതിയിലെത്തിയ കേസ് കോടതി തള്ളിയിരുന്നു. വിവാഹ ജീവിതത്തിലെ ക്രൂര എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഒന്നും പരാതിയിൽ കാണാനായില്ലെന്നാണ് കുടുംബ കോടതി പറഞ്ഞത്. ഇതിന് പിന്നാലെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് വിശദമായി കേട്ട ശേഷം തുടർ നടപടികൾ ഡിസംബർ 1ന് പരിഗണിക്കുമെന്ന് കോടതി വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം