മുംബൈ/ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയസംഭവ വികാസങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ വിമതരെല്ലാം കൂടി താഴെയിറക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഭരണത്തിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്ന ബിജെപി കിട്ടിയ അവസരം മുതലാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇതിനിടെ പുറത്തുവന്ന കര്‍ണാടക എംഎല്‍എമാരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്. ചാക്കിട്ടുപിടുത്തമാണോ വേലിചാട്ടമാണോ അതോ അധികാരക്കൊതിയാണോ എംഎല്‍എമാരുടെ രാജിക്ക് പിന്നിലെന്ന ചോദ്യങ്ങള്‍ നാലുപാടും ഉയരുമ്പോഴും രാഷ്ട്രീയപ്രതിസന്ധിയൊന്നും തങ്ങളെ ബാധിക്കുന്നതേയില്ലെന്ന് ഈ ചിത്രങ്ങളിലൂടെ വിളിച്ചു പറയുന്നുണ്ട് കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും എംഎല്‍എമാര്‍.

മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരുടെയും ബംഗളൂരുവിലെ പ്രെസ്റ്റീജ് ഗോള്‍ഫ്ഷെയര്‍ ക്ലബ്ബില്‍ കഴിയുന്ന ജെഡിഎസ് എംഎല്‍എമാരുടെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ പല്ലവി ഘോഷാണ് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. പുറത്ത് രാഷ്ട്രീയകോലാഹലങ്ങള്‍ തകര്‍ത്തുമുന്നേറുമ്പോഴും യോഗാ പരിശീലനത്തിന്‍റെ തിരക്കിലാണ് ഈ എംഎല്‍എമാര്‍.  വിമതപക്ഷത്തെ 11 പേരാണ് റിനൈസന്‍സ് ഹോട്ടലില്‍ കഴിയുന്നത്. ഇവരെ എങ്ങനെയും അനുനയിപ്പിക്കാനുള്ള തിരക്കിട്ട പരിശ്രമങ്ങളിലാണ് കോണ്‍ഗ്രസ്. കൂടിക്കാഴ്ച്ചയ്‍ക്കെത്തിയ ഡി കെ ശിവകുമാറിനെ മഹാരാഷ്ട്ര പൊലീസ്, ഹോട്ടലിന് മുമ്പില്‍ നിന്ന് കസ്റ്റഡിയിലെടുത്തതും വിവാദമായിരിക്കുകയാണ്. 

ബിജെപി ചാക്കിട്ടുപിടിക്കാതിരിക്കാന്‍ ജെഡിഎസ് സുരക്ഷിതമായി താമസിപ്പിച്ചിരിക്കുന്ന എംഎല്‍മാര്‍ ക്ഷേത്രസദ്യ ആസ്വദിച്ചു കഴിക്കുന്ന ചിത്രങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. പ്രെസ്റ്റീജ് ഗോള്‍ഫ് ഷെയര്‍ ക്ലബ്ബിന് സമീപത്തെ ക്ഷേത്രത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങളെന്നാണ് എഎന്‍ഐ പറയുന്നത്.