എഫ്ഐആറിൻ്റെ ചിത്രവും യുവതി പങ്കുവെച്ചു. ഫോൺ മോഷണം പോയി എന്നതിന് പകരം ഫോൺ നഷ്ടപ്പെട്ടു എന്ന് പരാതിയിൽ എഴുതാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞു.
ദില്ലി: വാരണാസിയിലെ തിരക്കേറിയ തെരുവിൽ യുവതിയുടെ ഐഫോൺ പോക്കറ്റടിച്ച് യുവാവ്. ഐഫോൺ 13 മോഷ്ടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഒരു സ്ത്രീ പങ്കുവെച്ചു. പോക്കറ്റടിക്കാരനെ തിരിച്ചറിഞ്ഞിട്ടും ഉത്തർപ്രദേശ് പൊലീസ് നടപടിയെടുത്തില്ലെന്ന് ഇവർ ആരോപിച്ചു. സാറ ഓൺ എക്‌സ് എന്ന ഐഡിയിൽ നിന്നായിരുന്നു പോസ്റ്റ്. ജനുവരി 29 ന് മാതാപിതാക്കളോടൊപ്പം തീർഥാടനത്തിനായി വാരണാസി സന്ദർശിച്ചപ്പോഴാണ് സംഭവം.
സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് പോലെ, കറുത്ത ഷർട്ട് ധരിച്ച ഒരാൾ യുവതിയുടെ പുതിയ ഐഫോൺ 13 വിദഗ്ധമായി പോക്കറ്റടിച്ച് മുങ്ങി. ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് അവളുടെ ഫോൺ നഷ്ടപ്പെട്ടതായി യുവതി മനസ്സിലാക്കുന്നത്. ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു.
എഫ്ഐആറിൻ്റെ ചിത്രവും യുവതി പങ്കുവെച്ചു. ഫോൺ മോഷണം പോയി എന്നതിന് പകരം ഫോൺ നഷ്ടപ്പെട്ടു എന്ന് പരാതിയിൽ എഴുതാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞു. എന്നാൽ, ഫോൺ നഷ്ടപ്പെട്ട സ്ഥലത്തെ കടയുടമ സിസിടിവി ദൃശ്യങ്ങൾ യുവതിക്ക് നൽകിയതോടെയാണ് കള്ളനെ തിരിച്ചറിഞ്ഞത്. കടയുടമയോട് നന്ദിയുണ്ടെന്നും ഇവർ പറഞ്ഞു. പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞു. വിജയ് എന്നാണ് അയാളുടെ പേര്. പ്രദേശത്തെ അറിയപ്പെടുന്ന കള്ളനും ഒന്നിലധികം തവണ ജയിലിൽ പോയിട്ടുള്ളവനുമാണ് അയാളെന്ന് യുവതി പറഞ്ഞു.
എന്നാൽ, മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടും ഫോൺ വീണ്ടെടുക്കാനോ അയാളെ പിടികൂടാനോ പൊലീസ് തയ്യാറായിട്ടില്ല. ജാർഖണ്ഡിൽ ഫോണിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്തു. വാരാണസിയിലെയും കാശി വിശ്വനാഥ ക്ഷേത്രത്തിലെയും തീർഥാടന യാത്ര എനിക്കും കുടുംബത്തിനും ഒരു ആഘാതകരമായ അനുഭവമായി മാറി. ക്ഷേത്രത്തിന് സമീപമുള്ള ഇത്തരക്കാർ സ്ഥലത്തിൻ്റെ പവിത്രതയെ അപമാനിക്കുകയും ഭക്തരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്ന് യുവതി പറഞ്ഞു. ഫോൺ കണ്ടെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ സംഭവത്തിൽ ഉണ്ടായ 'വൈകാരികവും സാമ്പത്തികവുമായ നഷ്ടം വലുതാണെന്നും അവർ പറഞ്ഞു.
