ഗതാഗത കുരുക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് ഫ്ലൈ ഓവറുകള്‍ ഇവിടെ അടുത്തിടെ നിര്‍മ്മിച്ചത്. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടമാണ് ഇതിനോടകം പൂര്‍ത്തിയായിട്ടുള്ളത്. മൂന്നാം ഘട്ട നിര്‍മ്മാണ് നടന്നുകൊണ്ടിരിക്കെയാണ് ആദ്യ ഘട്ടത്തിലുണ്ടാക്കിയ പില്ലറുകളില്‍ വിള്ളല്‍ കണ്ടെത്തിയത് 

ബെംഗലുരുവില്‍ അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയായ ഫ്ലൈ ഓവറിന്‍റെ ചുവട് ഭാഗം വീര്‍ത്ത് വിള്ളുന്നതായി റിപ്പോര്‍ട്ട്. രാജാജി നഗറിലെ വെസ്റ്റ് ഓഫ് കോര്‍ഡ് റോഡിലെ ഫ്ലൈ ഓവറിലാണ് വിള്ളല്‍ കണ്ടത്. നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് നിരവധി പരാതികള്‍ ആക്ടിവിസ്റ്റുകള്‍ അടക്കമുള്ളവര്‍ നല്‍കിയിട്ടും ബ്രഹത് ബെംഗലുരു മഹാനഗര പാലികയും വികസനകാര്യ വകുപ്പും നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. ഗതാഗത കുരുക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് ഫ്ലൈ ഓവറുകള്‍ ഇവിടെ അടുത്തിടെ നിര്‍മ്മിച്ചത്. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടമാണ് ഇതിനോടകം പൂര്‍ത്തിയായിട്ടുള്ളത്. മൂന്നാം ഘട്ടം മാര്ച്ച് 31ഓടെ പൂര്‍ത്തിയാവുമെന്നാണ് ബിബിഎംപി വിശദമാക്കുന്നത്.

മൂന്ന് ഫ്ലൈ ഓവറുകള്‍ ചേര്‍ന്നതാണ് പദ്ധതി. സിറ്റി ആശുപത്രിക്കും ബെസ്കോം പവര്‍ ഹൌസിനും ഇടയിലുള്ള ഭാഗം 2019ലാണ് പൂര്‍ത്തിയായത്. ബെസ്കോം മുതല്‍ നാഷണല്‍ പബ്ലിക് സ്കൂള്‍ വരെയുള്ള ഭാഗമാണ് 2021ല്‍ പൂര്‍ത്തിയായത്. 500 മീറ്റര്‍ വീതമാണ് ഫ്ലൈ ഓവറുകളുടെ നീളം. മൂന്നാം ഘട്ടത്തിന്‍റെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് നിര്‍മ്മിച്ച ഫ്ലൈ ഓവറിന് വിള്ളല്‍ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ജുനാഥ് നഗര, ഷിവ് നഗര ജംഗ്ഷന് സമീപമുള്ള ഫ്ലൈ ഓവറുകളുടെ ചുവട് ഭാഗമാണ് വീര്‍ത്ത് വിണ്ട് പൊട്ടിയിരിക്കുന്നത്. ഒരു പാലത്തിന്‍റെ വലിയൊരു ഭാഗം മുഴുവനും പൊളിഞ്ഞിട്ടുണ്ട്. രണ്ടാമത്തേതില്‍ വിള്ളല്‍ വീണ് തുടങ്ങിയിട്ടേയുള്ളു. ഭാരം താങ്ങാനുള്ള കഴിവ് ഇല്ലാത്തതാണ് ഇത്തരത്തില്‍ വീത്ത് പൊട്ടുന്നതിന് കാരണമാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കരാറുകാരന്‍ നിബന്ധനകള്‍ പാലിക്കാതെ നിര്‍മ്മിച്ചതാകം ഇത്തരം തകരാറിന് കാരണമായതെന്നാണ് ആര്‍ടിഐ പ്രവര്‍ത്തകനായ എസ് ഭാസ്കരന്‍ ആരോപിക്കുന്നത്. നിര്‍മ്മാണ കാര്യ വകുപ്പ് സെക്രട്ടറിക്ക് ഇത് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ഭാസ്കരന്‍ പറയുന്നു. മേല്‍പ്പാലം അപകടത്തിലായതിനാല്‍ ഈ വഴിയുള്ള ഗതാഗതം നിര്‍ത്തിവച്ച് അറ്റകുറ്റ പണികള്‍ നടത്തി പാലത്തെ ബലപ്പെടുത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വിള്ളലുകള്‍ക്ക് സമീപമുള്ള ഗ്രാവല്‍ കല്ലുകളും ഇളകിയ നിലയിലാണ്. ഇതും അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പില്ലറുകള്‍ അപകടത്തിലാണെന്ന മുന്നറിയിപ്പും അവകാശപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.

ബിബിഎംപി നിര്‍മ്മാണ വേളയില്‍ കൃത്യമായ പരിശോധനകള്‍ നടത്താതിരുന്നതും നിര്‍മ്മാണത്തിലെ അപാകതയ്ക്ക് കാരണമായെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ലോകായുക്തയില്‍ നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച പരാതിയുമായി എത്താനിരിക്കുകയാണ് അവകാശപ്രവര്‍ത്തകര്‍.