മുംബൈ: അവധി ദിനത്തില്‍ പൈലറ്റിന്‍റെയും വനിതാ അറ്റന്‍ഡന്‍റിന്‍റെയും വിമാനത്തിനുള്ളിലെ പ്രണയ സല്ലാപത്തെക്കുറിച്ചുള്ള യാത്രക്കാരന്‍റെ പരാതിയില്‍ നടപടി. ഇരുവരെയും ജോലിയില്‍നിന്ന് പുറത്താക്കിയാണ് സ്പൈസ് ജെറ്റ് നടപടി സ്വീകരിച്ചത്. ദില്ലി-കൊല്‍ക്കത്ത വിമാനത്തിലായിരുന്നുവെന്ന് നടപടിക്കാസ്പദമായ സംഭവം.

അവധി ദിനത്തിലാണ് പൈലറ്റ് വിമാനത്തിലെ ക്രൂ അംഗങ്ങളോടൊപ്പം കൂടിയത്. അതേ വിമാനത്തിലെ അറ്റന്‍ഡന്‍റ് ഉദ്യോഗസ്ഥയായിരുന്നു പൈലറ്റിന്‍റെ കാമുകി. അവര്‍ ഡ്യൂട്ടിയിലുമായിരുന്നു. വിമാനം പറന്നതോടെ ഇരുവരും അടുത്തടുത്ത സീറ്റുകളിലിരുന്നു. യാത്രക്കാര്‍ക്ക് കാണാവുന്ന സീറ്റിലായിരുന്നു ഇരുവരും ഇരുന്നത്. കുറച്ച് സമയം പിന്നിട്ടപ്പോള്‍ ഇവര്‍ കെട്ടിപ്പുണര്‍ന്നു. ഡ്യൂട്ടി യൂണിഫോമിലായിരുന്നു അറ്റന്‍ഡന്‍റ്. 

യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ അന്വേഷണം വേണമെന്നും യാത്രക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിനൊടുവില്‍ ഇരുവരെയും പുറത്താക്കാന്‍ സ്പൈസ് ജെറ്റ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ജോലി സ്ഥലത്ത് പ്രഫഷണല്‍ അല്ലാതെ പെരുമാറിയെന്ന് അധികൃതര്‍ വിശദീകരിച്ചു. ഇരുവരുടെയും സംസ്കാര ശൂന്യമായ പെരുമാറ്റം കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങളെ ബാധിക്കുന്നതാണെന്നും കമ്പനി വ്യക്തമാക്കി.