മൂഹമാധ്യമങ്ങളിൽ ടിക് ടോക്ക് വീ‍ഡിയോകളാണ് ഇപ്പോൾ താരം. ഇതിന് വേണ്ടി എന്ത് റിസ്ക്കെടുക്കാനും ആളുകൾ തയ്യാറാണ്. ചിലപ്പോൾ ഇത്തരം റിസ്ക്കുകള്‍ ജീവന് തന്നെ ഭീഷണി ആകാറുണ്ട്. അത്തരത്തിൽ ഞെട്ടിപ്പിക്കുന്നൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. നെഞ്ചിടിപ്പിക്കുന്ന ഈ വീ‍ഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
 
ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവ് നടത്തുന്ന അഭ്യാസമാണ് വീഡിയോയിലുള്ളത്. ട്രെയിനിന്റെ ഡോറിനടുത്തായി തൂങ്ങിക്കിടക്കുകയാണ് യുവാവ്. ഇതിനിടെ നിലത്ത് കാൽ മുട്ടിക്കാനുള്ള ശ്രമവും ഈ യുവാവ് നടത്തുന്നുണ്ട്. ഒറ്റക്കാലില്‍ നിന്നായിരുന്നു അഭ്യാസം. അതിനിടെ കാൽ വഴുതി ഇയാൾ ട്രെയിനിന് ആടിയിലേക്ക്  തെറിച്ച് വീണു. അല്പനേരം ട്രെയിനിനടിയിൽ അകപ്പെട്ടുവെങ്കിലും നിസാര പരിക്കുകളോടെ യുവാവ് രക്ഷപ്പെടുന്നത് വീഡിയോയിൽ കാണാം.

ട്രെയിനിലെ യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇയാള്‍ വീഴുന്നതുകണ്ട് ഞെട്ടുന്ന സഹയാത്രികരേയും വീഡിയോയില്‍ കാണാം. രൂക്ഷ വിമർശനത്തോടെയാണ് പീയുഷ് ​ഗോയൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്ന് അഭ്യാസം കാണിക്കുന്നത് ധീരതയൊന്നുമല്ല. അത് വിഢിയുടെ ലക്ഷണമാണ്' എന്നാണ് ​ഗോയല്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

ജീവിതം അമൂല്യമാണ്, അത് അപകടത്തിലാക്കരുതെന്നും നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി യാത്ര ആസ്വദിക്കണമെന്നും മന്ത്രി കുറിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തുന്നത്.