ചെന്നൈ: ലോക്ക് ഡൗൺ മൂലം അടച്ചിട്ട ആരാധനാലയങ്ങൾ ഇപ്പോൾ തുറക്കാനാകില്ലെന്ന് കേന്ദ്രസ‍ർക്കാർ. മദ്രാസ് ഹൈക്കോടതിയിലാണ് കേന്ദ്രസ‍ർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ആരാധനാലയങ്ങൾ ഈ ഘട്ടത്തിൽ തുറന്നാൽ അതു രോ​ഗവ്യാപനത്തിന് കാരണമാകുമെന്നും കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. 

സാമൂഹിക അകലം പാലിച്ചു കൊണ്ട് എല്ലാ ആരാധനാലയങ്ങളും തുറക്കണം എന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെത്തിയ ഹർജിയിലാണ് കേന്ദ്രസർക്കാർ ഈ നിലപാട് വ്യക്തമാക്കിയത്. മതസ്വാതന്ത്രത്തിനുള്ള അവകാശം പൊതുജനാരോ​ഗ്യവുമായി ബന്ധപ്പെട്ടതാണെന്ന് കേന്ദ്രസർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്ററൽ ജനറൽ ജി രാജ​ഗോപാൽ വ്യക്തമാക്കി. 

ഭരണഘടനയുടെ 25-ാം അനുച്ഛേദം ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ആരാധനാലയങ്ങൾ ഇപ്പോൾ തുറന്നാൽ  അവിടെ ആൾക്കൂട്ടമുണ്ടാകാൻ കാരണമാകും എല്ലായിടത്തും ഫലപ്രദമായി തിരക്ക് നിയന്ത്രിക്കാനായില്ലെങ്കിൽ വലിയ തോതിൽ കൊവിഡ് വ്യാപനമുണ്ടാകാൻ അതു കാരണമാകുമെന്നും കേന്ദ്രസർക്കാർ വാദിച്ചു. 

കേന്ദ്രസർക്കാരിൻ്റെ നിരീക്ഷണത്തെ മദ്രാസ് ഹൈക്കോടതിയും ശരിവച്ചു ആരാധനാലയങ്ങൾ തുറന്നാൽ അതു നിയന്ത്രണാതീതമായ തിരക്കിന് കാരണമാകുമെന്ന് കേസ് പരി​ഗണിച്ച രണ്ടം​ഗ ബെഞ്ച് നിരീക്ഷിച്ചു. തിരക്ക് കുറയ്ക്കാൻ യാതൊരു പരിഹാരവും നിർദേശിക്കാതെയാണ് ഹർജി സമർപ്പിക്കപ്പെട്ടത് എന്ന കാര്യവും ചൂണ്ടിക്കാട്ടി ഹർജി ഹൈക്കോടതി തള്ളി.