Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുടെ വാരാണസിയിലെ ജയം ചോദ്യം ചെയ്ത് തേജ് ബഹാദൂർ നൽകിയ ഹർജി തള്ളി

മുൻബിഎസ്എഫ് ജവാനായ തേജ് ബഹാദൂർ മോദിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകിയിരുന്നു. എന്നാൽ ഇത് തള്ളിപ്പോയി. ഇതിനെതിരെ ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും തേജ് ബഹാദൂർ ഹർജി നൽകി.

plea against pm narendra modi by bsf jawan tej bahadoor dismissed by sc
Author
New Delhi, First Published Nov 24, 2020, 12:44 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് വാരാണസിയിലെ മഹാസഖ്യ സ്ഥാനാർഥിയായിരുന്ന (എസ്പി-ബിഎസ്പി) മുൻ ബിഎസ്‍എഫ് ജവാൻ തേജ് ബഹാദൂർ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. നേരത്തേ നാമനിർദേശപത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂർ 2019-ൽ നൽകിയ ഹർജിയും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തേജ് ബഹാദൂർ ആദ്യം സമീപിച്ചത് ഹൈക്കോടതിയെയാണ്. അത് തള്ളിയപ്പോൾ സുപ്രീംകോടതിയെ സമീപിച്ചു.

അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫീസര്‍ തന്‍റെ പത്രിക തള്ളിയതെന്ന് രണ്ട് ഹർജികളിലും തേജ് ബഹാദൂർ ചൂണ്ടിക്കാട്ടിയിരുന്നു. സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. എന്നാൽ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയിരുന്നുവെന്നും, അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദൂർ വാദിച്ചു.

ബിഎസ്എഫിൽ സൈനികർക്ക് നൽകുന്ന മോശം ഭക്ഷണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടതിനാണ് തേജ് ബഹദൂർ യാദവിനെ 2017-ൽ സേന പിരിച്ചു വിട്ടത്. 

Follow Us:
Download App:
  • android
  • ios