രാഷ്ട്രീയ താൽപര്യത്തിനായി പൗരന്മാരുടെ ഫോൺ ചോർത്താൻ പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും ഭരണഘടന അനുമതി നൽകുന്നുണ്ടോയെന്ന് ഹർജിയിൽ ഉന്നയിക്കുന്ന ചോദ്യം.   

ദില്ലി: പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് വ്യക്തികളുടെ ഫോൺ ചോർത്തിയ സംഭവത്തിൽ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഫോൺ ചോർത്തൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് അഡ്വ. എംഎൽ ശർമ്മ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെടുന്നത്. രാഷ്ട്രീയ താൽപര്യത്തിനായി പൗരന്മാരുടെ ഫോൺ ചോർത്താൻ പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും ഭരണഘടന അനുമതി നൽകുന്നുണ്ടോയെന്നാണ് ഹർജിയിൽ ഉന്നയിക്കുന്ന ചോദ്യം. വ്യക്തികളുടെ സ്വകാര്യതയിൽ കടന്നുകയറിയുള്ള ഫോൺ ചോർത്തലിനെതിരെ പ്രധാനമന്ത്രിയെ ഒന്നാം എതിർകക്ഷിയാക്കിയാണ് ഹർജി. 

പ്രധാനമന്ത്രിക്കൊപ്പം ഹര്‍ജിയില്‍ സിബിഐയും എതിര്‍കക്ഷിയാണ്. പാര്‍ലമെന്‍റിന്‍റെ അനുമതിയില്ലാതെയാണ് പെഗാസെസ് സര്‍ക്കാര്‍ വാങ്ങിയതെങ്കില്‍ വിചാരണ നേടിടേണ്ടേയെന്നും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയമടക്കം ഫോണ്‍ ചോര്‍ത്തിയത് ഔദ്യോഗിക രഹസ്യ നിയമ ലംഘനമല്ലേയെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

2019 ല്‍ പെഗാസെസ് വിവാദമായപ്പോള്‍ ചാരസോഫ്റ്റ് വെയറിന്‍റെ സേവനം ഇന്ത്യ പ്രയോജനപ്പെടുത്തിയിരുന്നു എന്ന ആക്ഷേപം പൂര്‍ണ്ണമായി തള്ളിക്കളയാതെയാണ് അന്നത്തെ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നേരത്തെ റഫേല്‍ ഇടപാട്, കശ്മീര്‍ പുനസംഘടനയടക്കമുള്ള വിഷയങ്ങളില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയ അഡ്വ എംഎല്‍ ശര്‍മ്മയാണ് പെഗാസെസിലെയും ഹര്‍ജിക്കാരന്‍. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരെ വൈകാതെ സുപ്രീംകോടതിയിലെത്തിയേക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona