ചെന്നൈ: ആശങ്കയുയര്‍ത്തി കൊവിഡ് വൈറസ് കൂടുതൽ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ ചെന്നൈയിൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നൈയിലെ അഭിഭാഷകനായ എൻ തമിഴരസു മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ചു. ലോക്ഡൗൺ നടപ്പിലാക്കിയെങ്കിലും കൊവിഡിനെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല. രോഗം ബാധിക്കുന്നവരുടേയും ദിവസേനെ രോഗബാധിതരായി മരിക്കുന്നവരുടെ എണ്ണം ചെന്നൈയില്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹര്‍ജി. മരണനിരക്ക് കൂടുന്ന സാഹചര്യത്തിൽ ഇപ്പോൾ നടപ്പിലാക്കുന്ന ലോക്ഡൗൺ ഇളവുകൾ പിൻവലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചെന്നൈയിൽ കൊവിഡ് ബാധിതരുടെ എണ്ണം 25000 കടന്നു. കൂടുതൽ മേഖലകളിലേക്ക് രോ​ഗം വ്യാപിച്ചിട്ടുണ്ട്. 

അതിനിടെ തമിഴ്നാട്ടിൽ കൊവിഡ് മരണം കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പരാതിയും ഉയരുന്നു. ഇക്കാര്യം പരിശോധിക്കാൻ ഒൻപതംഗ പ്രത്യേക സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. മുതിർന്ന ഡോക്ടർമാർ അടങ്ങിയ സമിതിക്കാണ് ചുമതല. ചെന്നൈ റെയിൽവേ ആശുപത്രിയിൽ ഉൾപ്പടെ കൊവിഡ് ബാധിച്ച മരിച്ചവരെ സർക്കാർ പട്ടികയിൽ ഉൾക്കൊള്ളിക്കാത്തതിന്‍റെരേഖകൾ നേരത്തെ പുറത്ത് വന്നിരുന്നു

രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധ നിരക്ക്  കുതിക്കുകയാണ്. തമിഴ്നാട്ടില്‍ രോ​ഗബാധിതരുടെ എണ്ണം 36841 ആയി. ഇന്നലെ 1927 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 19 പേരാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ചെന്നൈയിൽ മാത്രം ഇന്ന് 16 പേരാണ് മരിച്ചത്. ഇതോടെ രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 326 ആയി.