Asianet News MalayalamAsianet News Malayalam

രഞ്ജൻ ഗൊഗോയ് നാളെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും, എതിർത്ത് ഹർജി

സാമൂഹ്യപ്രവർത്തകയായ മധു കിഷ്‍വാറാണ് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് രാജ്യസഭാംഗത്വം നൽകുന്നതിനെതിരെ സുപ്രീംകോടതിയിൽത്തന്നെ ഹർജി നൽകിയിരിക്കുന്നത്. 'രാഷ്ട്രീയനിറമുള്ള' നിയമനമാണിതെന്നാണ് ഹർജിയിൽ മധു കിഷ്‍വാർ ചൂണ്ടിക്കാട്ടുന്നത്.

plea in sc challenges nomination of ex cji to rajyasabha
Author
New Delhi, First Published Mar 18, 2020, 7:58 PM IST

ദില്ലി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നാളെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ സാന്നിധ്യത്തിലാകും സത്യപ്രതിജ്ഞ. രാഷ്ട്രപതിയാണ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. 

ഇതിനിടെ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനെതിരെ സുപ്രീംകോടതിയിൽത്തന്നെ ഹർജിയെത്തി. സാമൂഹ്യപ്രവർത്തക മധു കിഷ്‍വാറാണ് മുൻ ചീഫ് ജസ്റ്റിസിന്‍റെ നിയമനത്തിനെതിരെ ഹർജി നൽകിയിരിക്കുന്നത്. ലൈംഗികപീഡനാരോപണമുൾപ്പടെ ഉയർന്ന വിവാദപൂർണമായ ഒരു സർവീസ് കാലഘട്ടത്തിന് ശേഷം, ര‍ഞ്ജൻ ഗോഗൊയ്ക്ക് ലഭിച്ചിരിക്കുന്ന പദവിയെച്ചൊല്ലിയുള്ള വിവാദവും അങ്ങനെ കോടതി കയറുകയാണ്.

രഞ്ജൻ ഗൊഗോയ്‍ക്ക് രാജ്യസഭാംഗത്വം നൽകിയതിനെ 'രാഷ്ട്രീയനിറമുള്ള നിയമനം' എന്നാണ് ഹർജിയിൽ വിശേഷിപ്പിക്കുന്നത്. വിരമിച്ച് മാസങ്ങൾക്കുള്ളിൽ ഇത്തരമൊരു നിയമനം ലഭിക്കുക വഴി, അദ്ദേഹത്തിന്‍റെ കാലത്ത് പുറപ്പെടുവിച്ച എല്ലാ വിധിപ്രസ്താവങ്ങളും സംശയത്തിന്‍റെ നിഴലിലാവുകയാണെന്നും ഹർജിയിൽ മധു കിഷ്‍വാർ ചൂണ്ടിക്കാട്ടുന്നു.

Read more at: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്, അപൂർവ നടപടി

അയോധ്യ വിധിപ്രസ്താവത്തെക്കുറിച്ച് പേരെടുത്ത് പറയുന്നില്ലെന്നും, ഗോഗോയിയുടെ കാലത്തെ 'ചരിത്രപരമായ' പല വിധിപ്രസ്താവങ്ങളും, വ്യക്തിപരമായി എല്ലാ വിയോജിപ്പുകളും മാറ്റി വച്ച് എല്ലാ ജനവിഭാഗങ്ങളും ഒരേപോലെ ഏറ്റെടുത്തതാണെന്നും, സുപ്രീംകോടതിയോടുള്ള എല്ലാ ബഹുമാനവും പ്രകടിപ്പിച്ചതാണെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ ഇത്തരം രാഷ്ട്രീയ നിയമനത്തിന്‍റെ പേരിൽ ആ വിധിപ്രസ്താവങ്ങളെല്ലാം ഇപ്പോൾ സംശയത്തിന്‍റെ നിഴലിലായിരിക്കുകയാണ് - എന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു. 

''രാജ്യസഭയിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നാമനിർദേശത്തിലൂടെ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംബന്ധിച്ചും, സത്യസന്ധത സംബന്ധിച്ചുമുള്ള ഒരു ലക്ഷ്മണരേഖ കൂടിയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇനി ഇതിന്‍റെ പേരിൽ ഇന്ത്യാ വിരുദ്ധശക്തികൾക്കും, ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കും മുതലെടുക്കാം. രാജ്യത്തെ ചാനലുകളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ വാർത്ത കൈകാര്യം ചെയ്യപ്പെടുന്നതിൽ ഇത് വ്യക്തമാണ്'', എന്ന് ഹർജിയിൽ മധു കിഷ്‍വാർ.

''ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിൽ ഇത്തരമൊരു നീക്കം വരുന്നത് ജനാധിപത്യത്തിന്‍റെ തൂണുകൾക്ക് തന്നെ ഭൂഷണമല്ല'', എന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു. 

വിരമിച്ച ശേഷം ഇത്തരം പദവികളോ, രാഷ്ട്രീയനിയമനങ്ങളോ ലഭിക്കുന്നത് ജുഡീഷ്യറിയുടെ അധികാരത്തിന് മേലുള്ള മുറിപ്പാടാണെന്ന് ജസ്റ്റിസ് ഗൊഗോയ് തന്നെ പദവിയിലിരിക്കുമ്പോൾ പറഞ്ഞതാണെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ഇത്തരമൊരു രാഷ്ട്രീയനിയമനം ജസ്റ്റിസ് ഗൊഗോയ് അംഗീകരിക്കുമ്പോൾ, ഇത് വൈരുദ്ധ്യാത്മകമാണെന്നും ഹർജി.

Follow Us:
Download App:
  • android
  • ios