കഴിഞ്ഞ രണ്ട് ആഴ്ചകൾ കൊണ്ടാണ് ഈ വിവരങ്ങൾ ഗവൺമെന്റ് പോർട്ടലിൽ നിന്ന് ശേഖരിച്ചതെന്നും പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഗവേഷകർക്കും എളുപ്പത്തിൽ പരിശോധിക്കാനായി ഇത് തുറന്നു കൊടുത്തിരിക്കുകയാണെന്നും സാർത്ഥക്
ഡൽഹി: 1.66 കോടി സർക്കാർ രേഖകളുമായി പബ്ലിക് പോർട്ടൽ ആരംഭിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സാർത്ഥക് സിദ്ധാന്ത്. സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണ്ണയ ടെൻഡർ പ്രക്രിയ പരിശോധിച്ചതിന് പിന്നാലെ ദേശീയ ശ്രദ്ധ നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സാർത്ഥക് സിദ്ധാന്ത്. 1.66 കോടി ഗവൺമെന്റ് റെക്കോർഡുകളുമായാണ് സാർത്ഥക് സിദ്ധാന്ത് പൊതു സംഭരണ പോർട്ടൽ ആരംഭിച്ചിരിക്കുന്നുത്. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടലിൽ നിന്നുള്ള ഏകദേശം 1.66 കോടി സംഭരണ വിവരങ്ങളാണ് ഈ പൊതു പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്. സുതാര്യത എല്ലാവർക്കും പ്രാപ്യമാകണം ഇന്നുമുതൽ അത് സാധ്യമാണ് എന്നാണ് എക്സ് സ പ്ലാറ്റ്‌ഫോമിലൂടെ ഈ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സാർത്ഥക് കുറിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് ആഴ്ചകൾ കൊണ്ടാണ് ഈ വിവരങ്ങൾ ഗവൺമെന്റ് പോർട്ടലിൽ നിന്ന് ശേഖരിച്ചതെന്നും പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഗവേഷകർക്കും എളുപ്പത്തിൽ പരിശോധിക്കാനായി ഇത് തുറന്നു കൊടുത്തിരിക്കുകയാണെന്നും സാർത്ഥക് വ്യക്തമാക്കി.
ഗവൺമെന്റ് ചെലവഴിക്കുന്ന പണത്തിന്റെ രേഖകൾ കൂടുതൽ സുതാര്യമായി പരിശോധിക്കുന്നതിനും രാജ്യത്തിന്റെ പൊതു ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ ഡാറ്റാബേസ് തയ്യാറാക്കിയിരിക്കുന്നത്. ഡാറ്റാബേസ് ഡൗൺലോഡ് ചെയ്ത് സ്വതന്ത്രമായി പരിശോധിക്കാനാണ് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നത്. ഇത് വലിയൊരു സുതാര്യതാ ദൗത്യത്തിന്റെ തുടക്കം മാത്രമാണെന്നും സാർത്ഥക് സിദ്ധാന്ത് കൂട്ടിച്ചേർത്തു. ഗവൺമെന്റിന്റെ ഔദ്യോഗിക സിപിപി പോർട്ടൽ വളരെ സങ്കീർണ്ണമായതിനാൽ സാധാരണക്കാർക്ക് വിവരങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ പുതിയ വെബ്സൈറ്റ് വളരെ ലളിതമായാണ് സാർത്ഥക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി ഒരു പ്രത്യേക പ്രോഗ്രാം ഉപയോഗിച്ചാണ് വിവരങ്ങൾ വേർതിരിച്ചെടുത്തത്. പ്രാരംഭ ടെൻഡർ അറിയിപ്പുകളും വിജയിച്ച കമ്പനികളുടെ വിവരങ്ങളും ഉൾപ്പെടെ 88 ലക്ഷത്തിലധികം വിശദമായ റെക്കോർഡുകൾ അടങ്ങിയ രണ്ട് ഡാറ്റാബേസുകൾ ഇതിലുണ്ട്. ഗവൺമെന്റ് ചെലവഴിക്കുന്ന ഓരോ രൂപയും ടെൻഡർ പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. ഇത് പൊതുമുതൽ സംരക്ഷിക്കാനുള്ള ഒരു പ്രതിരോധ സംവിധാനമാണെങ്കിലും, പ്രായോഗിക തലത്തിൽ വലിയ രീതിയിലുള്ള അഴിമതികൾ നടക്കുന്നത് ഇവിടെയാണെന്ന് സാർത്ഥക് ചൂണ്ടിക്കാണിക്കുന്നത്.
റാഞ്ചിയിൽ നിന്നുള്ള ഈ പതിനെട്ടുകാരനായ വിദ്യാർത്ഥി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഡിജിറ്റലായി വിലയിരുത്തുന്നതിനുള്ള ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ശ്രദ്ധേയനായത്. തന്റെ സ്വന്തം ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പ് പരിശോധിച്ചപ്പോൾ മാർക്കുകളിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്നാണ് സാർത്ഥക് ഈ അന്വേഷണം ആരംഭിച്ചത്. സിബിഎസ്ഇയുടെ ടെൻഡർ രേഖകളുടെ വിവിധ പതിപ്പുകൾ പഠിച്ച സാർത്ഥക്, ഒരു പ്രത്യേക കമ്പനിക്ക് അനുകൂലമായി ടെൻഡർ വ്യവസ്ഥകളിലും യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തിയതായി കണ്ടെത്തി. ഈ കണ്ടെത്തലുകൾ പിന്നീട് വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിക്കാൻ സാർത്ഥകിന് അവസരം ലഭിച്ചിരുന്നു. ഈ വിവാദത്തെ തുടർന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ പിന്നീട് സ്ഥാനങ്ങളിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. നിലവിൽ വിദ്യാഭ്യാസ മേഖലയ്ക്ക് പുറത്തേക്ക് സുതാര്യത വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ഗവൺമെന്റ് വകുപ്പുകളുടെ സംഭരണ വിവരങ്ങൾ ഉൾപ്പെടുത്തി ഈ പുതിയ പോർട്ടൽ സാർത്ഥക് ആരംഭിച്ചിരിക്കുന്നത്.


