സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് കവർച്ച. പയ്യന്നൂർ സ്വദേശിയായ വികാസും കുടുംബവുമാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. മൂന്ന് കാറുകളിലായി എത്തിയ സംഘമാണ് കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി കവർച്ച നടത്തിയത്.

മംഗലാപുരം: മഹാരാഷ്ട്രയിൽ മംഗളൂരുവിന് സമീപം ബൈക്കംപാടിയിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു. പയ്യന്നൂരിൽ ഗോൾഡൻ ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസാണ് കവർച്ചയ്ക്ക് ഇരയായത്. മുപ്പത്തിയഞ്ച് ലക്ഷം രൂപ വില വരുന്ന 180 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന വികാസിന്റെ പരാതിയിൽ പനമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്ന് പുലർച്ചെ ഉ‍ഡുപ്പിക്കും മംഗളൂരുവിനും ഇടയിൽ സൂറത്ത്കല്ലിനോട് ചേർന്ന് ബൈക്കംപാടിയിലാണ് വികാസ് കവർച്ചയ്ക്ക് ഇരയായത്. മഹാരാഷ്ട്രയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് ഭാര്യക്കും മകനുമൊപ്പം തിരികെ വരികയായിരുന്നു വികാസ്. ഈ സമയം രണ്ട് ഇന്നോവ കാറുകളിലും കർണാടകയിൽ രജിസ്റ്റർ ചെയ്ത ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ഭാര്യയെയും മകനേയും ഇറക്കിവിട്ട സംഘം വികാസ് ഉൾപ്പെടെ കാറുമായി കടക്കുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ഇടത്ത് വികാസിനെ ഇറക്കിവിട്ട ശേഷം സ്വ‍‍ർണവുമായി കടന്നു. 180 ഗ്രാം തൂക്കം വരുന്ന 35 ലക്ഷത്തോളം രൂപ വില വരുന്ന സ്വ‍ർണം നഷ്ടപ്പെട്ടെന്നാണ് പരാതി. 

ആഭരണ നിർമാണത്തിനായി കൊണ്ടുവരികയായിരുന്നു സ്വർണം. പരാതിയിൽ കേസെടുത്ത പനമ്പൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണ‍ർ ഉൾപ്പെടെ സ്ഥലത്തെത്തി നടപടികൾ വിലയിരുത്തി. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രണ്ട് കാറുകൾ കേരള രജിസ്ട്രേഷനിലുള്ളവയായതിനാൽ കവർച്ചയ്ക്ക് പിന്നിൽ കേരള ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ മംഗളൂരുവിനും കേരള അതിർത്തിക്കും ഇടയിലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

YouTube video player