സ്‌കൂള്‍ അധ്യാപകന്റെ ലൈംഗിക പീഡനം കാരണം കോയമ്പത്തൂരിലും പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. 

ചെന്നൈ: ഒരാഴ്ചക്കിടെ ലൈംഗിക പീഡനം കാരണം തമിഴ്‌നാട്ടില്‍ രണ്ടാമത്തെ വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തു. കരൂരിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ആത്മഹത്യാകുറിപ്പ് എഴുതി വെച്ച് തൂങ്ങി മരിച്ചത്. കുറിപ്പിലാണ് താന്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി ആത്മഹത്യകുറിപ്പെഴുതി തൂങ്ങിമരിക്കുകയായിരുന്നു. ഈ സമയം അമ്മയും വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസിയാണ് പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. സ്‌കൂള്‍ വിട്ട് വന്നിട്ടും പെണ്‍കുട്ടിയെ പുറത്ത് കാണാത്തതോടെയാണ് അവര്‍ വീട്ടിലെത്തി പരിശോധിച്ചത്.

പെണ്‍കുട്ടിയെ കണ്ടയുടനെ ഇവര്‍ അമ്മയെ വിളിച്ച് വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുറിയില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്. കരൂര്‍ ജില്ലയില്‍ ലൈംഗിക പീഡനം കാരണം ജീവന്‍ അവസാനിപ്പിക്കുന്ന അവസാനത്തെ പെണ്‍കുട്ടിയായിരിക്കട്ടെ ഞാന്‍. എന്റെ മരണത്തിന് പിന്നിലാരാണെന്ന് വെളിപ്പെടുത്തുന്നത് എനിക്ക് ഭയമാണ്. ഏറെക്കാലം ലോകത്ത് ജീവിക്കണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നുമായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, ഇപ്പോള്‍ എത്രയും പെട്ടെന്ന് ഞാന്‍ ഈ ലോകം വിടുകയാണ്. കടുത്ത തീരുമാനമെടുക്കുന്നതില്‍ കുടുംബം ക്ഷമിക്കണമെന്നും കുടുംബത്തെ സ്‌നേഹിച്ചിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

സ്‌കൂള്‍ അധ്യാപകന്റെ ലൈംഗിക പീഡനം കാരണം കോയമ്പത്തൂരിലും പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു.