ബെംഗളൂരു: കൊവിഡ് ദുരിതാശ്വാസത്തിനായി പ്രധാനമന്ത്രി പ്രത്യേകം രൂപീകരിച്ച പിഎം കെയേഴ്‌സിലേക്ക് ലഭിച്ച സംഭാവന 10000 കോടി കവിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ കമ്പനികളും വ്യക്തികളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും നല്‍കിയ തുക കണക്കുകൂട്ടിയാണ് ലഭിച്ച തുകയുടെ ഏകദേശ കണക്ക് പുറത്തുവിട്ടത്. പിഎം കെയേഴ്‌സിലേക്ക് ലഭിച്ച തുകയെത്രയെന്ന് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 10,600 കോടി രൂപയാണ് ഇതുവരെ ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെയും സംഭാവനയാണ് പിഎം കെയേഴ്‌സില്‍ 53 ശതമാനവുമെന്ന് വാര്‍ത്തയില്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെയും അവയിലെ ജീവനക്കാരുടെയും സംഭാവന 42 ശതമാനവുമാണ്. ബാക്കി വരുന്ന അഞ്ച് ശതമാനം രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍ തുടങ്ങി സാധാരണക്കാര്‍ വരെ നല്‍കിയ സംഭാവനയും. സ്വകാര്യ സ്ഥാപനങ്ങള്‍ 5565 കോടിയും ജീവനക്കാര്‍ 25 കോടിയും നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ 3249 കോടിയും പൊതുമേഖലയിലെ ജീവനക്കാര്‍ 1191.40 കോടിയും നല്‍കി. 

1500 കോടിയാണ് ടാറ്റ ട്രസ്റ്റ് നല്‍കിയത്. അസിം പ്രേംജി ഫൗണ്ടേഷന്‍ 1000 കോടിയും നല്‍കി. വിദേശ കമ്പനികള്‍ 16 കോടിയാണ് നല്‍കിയത്. സചിന്‍ ടെണ്ടുല്‍ക്കര്‍, ബാബാ രാംദേവ്, അക്ഷയ് കുമാര്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ 107 കോടിയും നല്‍കി. മാര്‍ച്ച് 28നാണ് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിക്ക് പുറമെ, പിഎം കെയേഴ്‌സ് ആരംഭിക്കുന്നത്. 

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ടായിരിക്കെ, പ്രത്യേക അക്കൗണ്ട് രൂപീകരിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. അക്കൗണ്ട് ഓഡിറ്റ് ചെയ്യപ്പെടണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രണ്ട് മാസമായിട്ടും പിഎം കെയേഴ്‌സില്‍ എത്ര രൂപ ലഭിച്ചു, എത്ര ചെലവാക്കി എന്നത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകളൊന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.