ദില്ലി: സര്‍ക്കാര്‍ ഉത്തരവിലൂടെ രൂപീകരിച്ച പി എം കെയേഴ്സ് നിധി പൊതുസ്ഥാപനമല്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി നിയമചോദ്യങ്ങൾക്ക് വഴിവയ്ക്കുന്നു. കൊവിഡ് ദുരിതാശ്വാസത്തിനായി രൂപീകരിച്ച പി എം കെയേഴ്സിന്‍റെ കണക്കുകൾ പരസ്യമാക്കണമെന്ന ആവശ്യം ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പ്രധാനമന്ത്രി ദുരിതാശ്വാസ നിധി, ദേശീയ പ്രതിരോധ നിധി, പി എം കെയേഴ്സ് എന്നിവ ഓഡിറ്റ് കൂടാതെ പ്രധാനമന്ത്രിക്ക് വിനിയോഗിക്കാൻ കഴിയുന്ന നിധികളാണ്. 1948 ൽ ജവഹര്‍ലാൽ നെഹ്റു രൂപീകരിച്ച പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയും 2020 ൽ നരേന്ദ്ര മോദി രൂപീകരിച്ച പി എം കെയേഴ്സും സര്‍ക്കാര്‍ ഉത്തരവിന്‍റെ സംരക്ഷണമുള്ള ഒരു സ്വകാര്യ ട്രസ്റ്റാണ്. അതുകൊണ്ടാണ് സിഎജി ഓഡിറ്റിംഗ് ഇല്ലാത്ത, വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരാത്ത പൊതുസ്ഥാപനം എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്. 

പക്ഷെ, പ്രധാനമന്ത്രി ദുരിതാശ്വാസ നിധിക്ക് പൊതുപണം സ്വീകരിക്കാനാകില്ല. പി എം കെയേഴ്സിന് അതിനുള്ള തടസ്സമില്ല. ആ വ്യത്യാസമാണ് പി എം കെയേഴ്സ് പൊതുസ്ഥാപനമല്ല എന്നതിനെതിരെയുള്ള ഒന്നാമത്തെ വാദം. സ്വകാര്യ കമ്പനികളും കോണ്‍ഗ്രസ് അദ്ധ്യക്ഷയും ഉൾപ്പെടുന്ന ട്രസ്റ്റാണ് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയെങ്കിൽ, പി എം കെയേഴ്സ് നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാരും അംഗങ്ങളായ ട്രസ്റ്റാണ്. പൊതുസ്ഥാപനമല്ല എന്നതിനെതിരെ ഇത് മറ്റൊരു ചോദ്യം ഉയർത്തുന്നു.

പി എം കെയേഴ്സിന്‍റെ വെബ് സൈറ്റില്‍ ദുരിതാശ്വാ നിധിയുടെയും പ്രതിരോധ നിധിയുടെയും കണക്കുകൾ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊവിഡിനെ നേരിടാൻ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലെ ഒരു ഭാഗവും പൊതുമേഖല സ്ഥാപനങ്ങളുടെ വിഹിതങ്ങളും പി എം കെയേഴ്സിലേക്ക് എത്തിയിട്ടുണ്ട്. വിദേശത്തുനിന്നും സംഭാവനകൾ എത്തുന്നു. എന്നാല്‍, വരവുകളും വിനിയോഗവും ഇപ്പോഴും രഹസ്യമാണ്. മെയ് പകുതി വരെ ഈ നിധിയിലേക്ക് വന്നത് പതിനായിരം കോടിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.