വാക്‌സീന്‍ രജിസ്‌ട്രേഷനായി കൊവിന്‍ ആപ്പിന് പകരം സ്വന്തമായി ആപ് വികസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെട്ടത്. 

ദില്ലി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ എന്നിവരുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ബന്ധപ്പെട്ടത്.

വാക്‌സീന്‍ രജിസ്‌ട്രേഷനായി കൊവിന്‍ ആപ്പിന് പകരം സ്വന്തമായി ആപ് വികസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെട്ടത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായി അനുഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കൊവിഡ് പ്രതിരോധത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും സംസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രി തന്നെ കേട്ടില്ലെന്നും ഫോണിലൂടെ മാന്‍ കി ബാത്ത് നടത്തുകയായിരുന്നുവെന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആരോപിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona