ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രശംസയുമായി സുപ്രീംകോടതി ജഡ്‍ജി, ജസ്റ്റിസ് അരുൺ മിശ്ര. ''അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധനായ ദീർഘദർശി''യെന്ന് മോദിയെ വാഴ്‍ത്തിയ അരുൺ മിശ്ര, മോദി, ലോകനിലവാരത്തിൽ ചിന്തിക്കുകയും അത് സ്വന്തം നാട്ടിൽ നടപ്പാക്കുകയും ചെയ്യുന്ന ജീനിയസ്സാണെന്നും, പുകഴ്‍ത്തി. അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസിലാണ് മോദിക്ക് ജസ്റ്റിസ് അരുൺ മിശ്രയുടെ ഈ പ്രശംസ. 

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്ന ശേഷം നിയമമന്ത്രി രവിശങ്കർ പ്രസാദിന്‍റെ സഹകരണത്തോടെ 1500 കാലഹരണപ്പെട്ട നിയമങ്ങളെങ്കിലും എടുത്തു കളഞ്ഞെന്നും, മോദിയുടെ കാലത്ത് ഇന്ത്യ, ലോകരാജ്യങ്ങൾക്കിടയിൽ ഉത്തരവാദിത്തമുള്ള അംഗമായി മാറിയെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കുന്നു. മോദിയുടെ ''അധീശത്വത്തിൽ'' (stewardship) എന്ന വാക്കാണ് അരുൺ മിശ്ര ഉപയോഗിച്ചത്. പുകഴ്ത്തുന്നതിൽ പിശുക്ക് കാണിച്ചില്ലെന്നർത്ഥം.

ദില്ലിയിൽ നടക്കുന്ന അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസിന്‍റെ ഉദ്ഘാടനച്ചടങ്ങൽ നന്ദി പറയുകയായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര. ''ജുഡീഷ്യറിയും മാറുന്ന കാലവും'' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേ, ജുഡീഷ്യറിക്ക് വെല്ലുവിളികൾ ഉയരുന്നതിൽ അദ്ഭുതമില്ലെന്നും, മാറുന്ന കാലത്ത്, ജുഡീഷ്യറിക്ക് അതിൽ നിർണായക പങ്ക് വഹിക്കാനുണ്ടെന്നും അരുൺ മിശ്ര ചൂണ്ടിക്കാട്ടി. 

''സ്വാഭിമാനത്തോടെ മനുഷ്യർ നിലനിൽക്കുന്നതിനാണ് നമ്മുടെ ആദ്യ പരിഗണന വേണ്ടത്. ലോകനിലവാരത്തിൽ ചിന്തിക്കുകയും, അത് ഇവിടെ നടപ്പാക്കുകയും ചെയ്യുന്ന (who thinks globally and acts locally) ബഹുമുഖപ്രതിഭയായ നരേന്ദ്രമോദിക്ക് എന്‍റെ നന്ദി. അദ്ദേഹത്തിന്‍റെ പ്രസംഗം പ്രചോദിപ്പിക്കുന്നതാണ്. ഈ കോൺഫറൻസിന്‍റെ അജണ്ട സെറ്റ് ചെയ്യാൻ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന് കഴിഞ്ഞു'', എന്ന് ജസ്റ്റിസ് മിശ്ര. 

ഇന്ത്യയിലെ ജനാധിപത്യത്തിൽ നമ്മൾ അഭിമാനം കൊള്ളണമെന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര, മോദിയുടെ അധീശത്വത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ സൗഹൃദപരമായ നിലപാടെടുക്കുന്ന, ഉത്തരവാദിത്തമുള്ള രാജ്യമായി മാറിയെന്നും പറഞ്ഞു. 

''ഭരണഘടനയ്ക്ക് അനുസൃതമായി നിലകൊള്ളാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. സമാധാനപരവും സുരക്ഷിതവുമായ ലോകത്തിനായി ഇന്ത്യ നിലകൊള്ളും. ഒരു ജനാധിപത്യത്തിൽ ജുഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതേസമയം, അനീതിയും അസമത്വവും രാജ്യത്ത് നിലകൊള്ളുന്നുവെന്ന സത്യം നമുക്ക് മറച്ചുവയ്ക്കാനുമാകില്ല. അത് കൊറോണവൈറസിനെപ്പോലെ പടർന്ന് പിടിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം'', എന്ന് അരുൺ മിശ്ര. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് മൂന്നാമത്തെ സീനിയോരിറ്റിയാണ് ജസ്റ്റിസ് അരുൺ മിശ്രയ്ക്കുള്ളത്.