ദില്ലി: ട്വിറ്ററിന്റെ മാതൃകയില്‍ സ്വദേശി മൈക്രോബ്ലോഗിങ് ആപ്പായ ടൂറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അക്കൗണ്ട് ആരംഭിച്ചെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്രമന്ത്രി അമിത് ഷായോ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയോ ടൂട്ടറില്‍ ഇല്ലെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

ട്വിറ്റര്‍ മാതൃകയിലുള്ള സ്വദേശി ആപ് എന്നാണ് ടൂട്ടര്‍ അവകാശപ്പെടുന്നത്. ബ്ലൂടിക്കോടു കൂടി പ്രധാനമന്ത്രിയുടെ ട്വീറ്റിന് സമാനമായി ടൂട്ടര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ടൂട്ടര്‍ വെരിഫിക്കേഷന്‍ നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ട്വിറ്റര്‍ വിലക്കിയതിനെ എതിര്‍ത്ത് ബിജെപി നേതാവ് തേജസ്വി സൂര്യ രംഗത്തെത്തിയതിന് പിന്നാലെയാണ് ടൂട്ടര്‍ വിവാദമുണ്ടായത്.

കഴിഞ്ഞ വര്‍ഷമാണ് ട്വിറ്ററിന് സമാനമായി ടൂട്ടര്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. ഇന്ത്യക്ക് സ്വന്തമായി സ്വദേശി സോഷ്യല്‍ നെറ്റ് വര്‍ക്ക് ആവശ്യമാണെന്നും ഇതില്ലാതെ ഇന്ത്യ അമേരിക്കന്‍ ട്വിറ്റര്‍ ഇന്ത്യ കമ്പനിയുടെ ഡിജിറ്റല്‍ കോളനിയാണെന്നും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴില്‍ എന്തായിരുന്നോ അതില്‍ നിന്ന് യാതൊരു വ്യത്യാസവുമില്ലെന്ന് ടൂട്ടറിന്റെ വെബ് പേജില്‍ കുറിച്ചിട്ടുണ്ട്. ടൂട്ടറില്‍ നരേന്ദ്രമോദിക്ക് അക്കൗണ്ടില്ലെന്ന് സര്‍ക്കാറും ഔദ്യോഗികമായി അറിയിച്ചു.