ഷീലാ ദീക്ഷിതിന്റെ നേതൃപാടവം എതിരാളികൾ പോലും മതിച്ചിരുന്നുവെന്നും പിണറായി വ്യക്തമാക്കി
ദില്ലി: ദില്ലി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ഗാന്ധിയുമടക്കമുള്ള പ്രമുഖര്‍. അഗാധ ദു:ഖമെന്ന് കുറിച്ച മോദി, ദില്ലിയുടെ വികസനത്തിന് നിർണായക സംഭാവന ചെയ്ത വ്യക്തിയെയാണ് നഷ്ടമായതെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി.
അഗാധ ദു:ഖം രേഖപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി ഷീലാ ദീക്ഷിതിന്റെ നേതൃപാടവം എതിരാളികൾ പോലും മതിച്ചിരുന്നുവെന്നും വ്യക്തമാക്കി. കുറഞ്ഞ കാലം മാത്രമേ ഗവർണറായി ഉണ്ടായിരുന്നുള്ളു എങ്കിലും അവരുടെ ഹൃദയത്തിൽ കേരളത്തിന് സവിശേഷ സ്ഥാനമുണ്ടായിരുന്നുവെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്‍റെ പ്രിയപ്പെട്ട മകളുടെ മരണ വാര്‍ത്ത തന്നെ തകര്‍ത്തെന്നും വ്യക്തിപരമായി താന്‍ വളരെ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഷീല ദീക്ഷിതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഷീല ദീക്ഷിത് ഡൽഹിക്കും രാജ്യത്തിനും നൽകിയ സംഭാവനകൾ മഹത്തരമെന്ന് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്.
കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസിന് വേണ്ടി കഷ്ടപ്പെട്ട നേതാവായിരുന്നു അന്തരിച്ച ഷീല ദീക്ഷിതെന്ന് എ കെ ആന്‍റണി. കോണ്‍ഗ്രസിന്‍റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഷീല ദീക്ഷിത് കരുത്തായി കോണ്‍ഗ്രസിന് പിന്തുടര്‍ന്നിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, നരസിംഹ റാവു, രാഹുൽ ഗാന്ധി - അങ്ങനെ ഏറ്റവും ഒടുവില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പവും ഷീലാ ദീക്ഷിത് ഉണ്ടായിരുന്നു. പതിനഞ്ച് വര്‍ഷക്കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത് ദില്ലി കണ്ട ഏറ്റവും പ്രഗല്‍ഭയായ മുഖ്യമന്ത്രിയായിരുന്നുവെന്നും എ കെ ആന്‍റണി പറഞ്ഞു.
ഷീലാ ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. ദില്ലി മുഖ്യമന്ത്രിയായും കേരളത്തിന്‍റെ ഗവര്‍ണറായുള്ള ഷീല ദീക്ഷിതിന്‍റെ പ്രവര്‍ത്തനം വളരെയധികം അഭിനന്ദനീയമായിരുന്നു. ഗവര്‍ണറെന്ന നിലയിൽ പ്രവര്‍ത്തിച്ചെന്ന് മാത്രമല്ല, കേരളത്തിന്‍റെ വികസനത്തില്‍ ഷീലാ ദീക്ഷിത് നിര്‍ണ്ണായക പങ്കുവഹിച്ചെന്നും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിച്ചു. അവസാന ശ്വാസം വരെ കോൺഗ്രസ് പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സമുന്നതയായ നേതാവായിരുന്നു ഷീല ദിക്ഷിതെന്നു എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അനുസ്മരിച്ചു.
