ശ്രീനഗര്‍ : മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അടുത്ത ബന്ധുവിന്‍റെ സംസ്കാര ചടങ്ങുകളില്‍ സാമൂഹ്യ അകലം പാലിക്കാനുള്ള തീരുമാനത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി. ബന്ധുവിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

ബന്ധുവിന്‍റെ നിര്യാണത്തിന്‍റെ വിഷമ ഘട്ടത്തിലും മരണാനന്തര ചടങ്ങുകളില്‍ വന്‍ ജന പങ്കാളിത്തം ഒഴിവാക്കാനായി ഒമര്‍ അബ്ദുള്ള സ്വീകരിച്ച നിലപാട് കൊവിഡ് 19 നെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തില്‍ ശക്തി പകരുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരമാണ് ഒമര്‍ അബ്ദുള്ളയുടെ അടുത്ത ബന്ധുവായ മുഹമ്മദ് അലി മാട്ടു ദീര്‍ഘകാലമായുള്ള അസുഖങ്ങളെ തുടര്‍ന്ന് മരിച്ചത്. മുഹമ്മദ് അലി മാട്ടുവിന്‍റെ വീട്ടിലും സംസ്കാര ചടങ്ങുകളിലും പൂര്‍ണമായും ലോക്ക് ഡൌണ്‍ നിര്‍ദേശം പിന്തുടരണമെന്ന് ഒമര്‍ അബ്ദുള്ള നിര്‍ദേശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അനുശോചന സന്ദേശത്തിന് ഒമര്‍ അബ്ദുള്ള നന്ദി പ്രകടിപ്പിച്ചു.