പ്രചാരണ സമയത്ത് നേതാക്കൾ ആരെയൊക്കെ കാണുന്നു എന്നതിലും ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി

ദില്ലി: തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളിൽ നിയന്ത്രണം വേണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്നും വികസനത്തിലും ക്ഷേമ പദ്ധതികളിലും ഊന്നി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയിലുള്ള കൂടുതൽ മന്ത്രിമാർ മത്സരിക്കേണ്ടി വരുമെന്നും പ്രചാരണ സമയത്ത് നേതാക്കൾ ആരെയൊക്കെ കാണുന്നു എന്നതിലും ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി തന്റെ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.

ബിജെപിയിൽ അതൃപ്തി പടരുന്നു

അതേസമയം തന്നെ ഒഴിവാക്കിയത് നരേന്ദ്ര മോദിയുടെ അതൃപ്തി കാരണം ആയിരിക്കാമെന്ന് പ്രഗ്യ സിംഗ് താക്കൂർ വിമര്‍ശിച്ചു. മാപ്പ് നൽകില്ലെന്ന് നരേന്ദ്ര മോദി നേരത്തെ തന്നെ പറഞ്ഞതാണ്. സീറ്റ് ചോദിച്ച് ബിജെപി നേതാക്കളുടെ അടുത്തോ പ്രധാനമന്ത്രിയുടെ അഠുത്തോ പോകില്ലെന്നും ഭോപ്പാൽ സീറ്റ് നിഷേധിച്ചതിനോട് പ്രഗ്യ സിംഗ് പ്രതികരിച്ചു. രാജസ്ഥാനിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ 5 മണ്ഡലങ്ങളിലെ സിറ്റിംഗ് എം പിമാർ പ്രതിഷേധത്തിലാണ്. പ്രതിഷേധം പരസ്യമായി അറിയിച്ച് ചുരുവിലെ എം പി രാംസിംഗ് കസ്വാൻ രംഗത്തെത്തി. കസ്വാൻ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ട്. നാഗോർ സീറ്റ് കോൺഗ്രസിൽ നിന്ന് വന്ന ജ്യോതിമിർധക്ക് നൽകിയതിൽ ആർ എൽ പിക്ക് പ്രതിഷേധമുണ്ട്. വസുന്ധര രാജെയെ പരിഗണിക്കാനിടയില്ലെന്നാണ് വിവരം. മകൻ ദുഷ്യന്ത് സിംഗിന് വീണ്ടും സീറ്റ് നൽകിയതിനാൽ സാധ്യത കുറവാണ്. 

ബിജെപി -എഎപി തര്‍ക്കം

ന്യൂ ദില്ലി മണ്ഡലവുമായി ബന്ധപ്പെട്ട് ബിജെപി - എ എ പി സ്ഥാനാർത്ഥികൾ തമ്മിൽ വാക്പോര് രൂക്ഷമാണ്. ബിജെപി സ്ഥാനാര്‍ത്ഥി ബാൻസുരി സ്വരാജ് തട്ടിപ്പുകാരനൊപ്പം നിന്ന വ്യക്തിയെന്ന് എഎപി വിമര്‍ശിക്കുന്നു. തട്ടിപ്പ് നടത്തി മുങ്ങിയ ലളിത് മോഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകയാണ് ബാൻസുരി സ്വരാജെന്നും ഇതിനെ ബി ജെ പി എങ്ങനെ ന്യായീകരിക്കുന്നുവെന്നും എഎപി ചോദിക്കുന്നു. ബാൻസുരി രാജ് രാജ്യതാൽപര്യത്തിന് എതിരായി പ്രവർത്തിച്ചുവെന്നും എഎപി കുറ്റപ്പെടുത്തുന്നു. അതേസമയം സ്വന്തം പ്രവർത്തകർ തല്ലിയ സ്ഥാനാർത്ഥിയെ ആണ് എ എ പി മത്സരിപ്പിക്കുന്നത് എന്ന് ബാൻസുരി സ്വരാജ് തിരിച്ചടിച്ചു.

ജഡ്‌ജിയുടെ പ്രഖ്യാപനത്തിൽ സമ്മിശ്ര പ്രതികരണം

കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജി അഭിജിത്ത് ഗംഗോപാധ്യയുടെ രാഷ്ട്രീയ പ്രവേശന നീക്കം ജുഡിഷ്യറിയിലുള്ള വിശ്വാസ്യത ജനങ്ങൾക്ക് നഷ്ടമാകുന്ന നടപടിയെന്ന് വിമര്‍ശിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ജഡ്ജിമാരെ ജനങ്ങൾ ദൈവത്തെ പോലെയാണ് കാണുന്നത്. ജുഡീഷ്യറിയോട് ഒരു ബഹുമാനം ഉണ്ടെന്നും അത് തകര്‍ക്കരുതെന്നും തൃണമൂൽ നേതാവായ മന്ത്രി ഫിര്‍ഹാസിം റഹീം പറഞ്ഞു. ഇന്നലെയാണ് രാജിവച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി കൽക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത്ത് ഗംഗോപാധ്യയ പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ ബിജെപിയും കോൺഗ്രസും സ്വാഗതം ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്