ദില്ലി: ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ഓഗസ്റ്റ് 5 ന് ആരംഭിക്കാനിരിക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഭരണഘടനയ്ക്ക് എതിരെയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കുന്നത് ഭരണഘടനാ പ്രതിജ്ഞകള്‍ക്ക് എതിരാവുമെന്നാണ് വിമര്‍ശനം. മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യമാണെന്നും അസദുദ്ദീൻ ഒവൈസി പറയുന്നു.

ട്വിറ്ററിലാണ് വിമര്‍ശനം. പ്രധാനമന്ത്രി പദം വഹിക്കുന്ന നരേന്ദ്രമോദി ഭൂമി പൂജയില്‍ പങ്കെടുക്കുന്നത് ഭരണഘടനാ പ്രതിജ്ഞാ ലംഘനമാണ്. ഭരണഘടനയുടം അടിസ്ഥാനമൂല്യങ്ങളിലൊന്നാണ് മതേതരത്വം. 1992 ഡിസംബറില്‍ അക്രമ സ്വഭാവമുള്ള ആള്‍ക്കൂട്ടം നശിപ്പിക്കുന്നതിന് മുന്‍പ് 400 വര്‍ഷത്തോളം അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്നുവെന്ന കാര്യം മറക്കാന്‍ പറ്റില്ലെന്നാണ് അസദുദ്ദീൻ ഒവൈസിയുടെ ട്വീറ്റ്.

കഴിഞ്ഞ നവംബറിലാണ് സുപ്രീം കോടതി രാമക്ഷേത്ര നിര്‍മ്മാണത്തിന് ഉത്തരവിട്ടത്. രാം മന്ദിര്‍ ട്രസ്റ്റ് ഓഗസ്റ്റ് 5നാണ് ക്ഷേത്ര നിര്‍മ്മാണത്തിന്‍റെ പൂജ നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്ന മുഖ്യഅതിഥികളില്‍ പ്രധാനമന്ത്രിയുമുണ്ട്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനേക്കുറിച്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.