അയോധ്യയിലെ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തി  പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതും മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്.

ദില്ലി: രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പൂജകളില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്അയോധ്യയിൽ ഉയര്‍ന്ന പതാക ധർമ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. രാമന്‍റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്ന അക്ഷരവും എഴുതിയ കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയര്‍ത്തിയത്. രാമന്‍റെയും സീതയുടെയും വിവാ​ഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ദേശീയ ഐക്യത്തിന്‍റെ പുതിയ അധ്യായത്തിന്റെ തുടക്കം എന്നാണ് ഇതിനെ അധികൃതർ വിശേഷിപ്പിക്കുന്നത്. ഇതിനുശേഷം മോദി തെരഞ്ഞെടുത്ത 700 പേരടങ്ങുന്ന സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

പതാക ഉയര്‍ത്തലിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയും അയോധ്യയിൽ നടന്നിരുന്നു. സാകേത് കോളേജിൽ നിന്ന് അയോധ്യാധാം വരെയാണ് റോഡ് ഷോ നടന്നത്. അയോധ്യയിലെത്തിയ മോദി സമീപത്തെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. ഇതിനുശേഷമാണ് അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങിനെത്തിയത്. ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. ചടങ്ങിലേക്ക് അയോധ്യ നിവാസികളെയും ക്ഷണിച്ചിട്ടുണ്ട്. വിവിധ പിന്നാക്ക സമുദായ പ്രതിനിധികളെ അടക്കം ക്ഷണിച്ചിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിലടക്കം ബിജെപി തോറ്റിരുന്നു. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാ​ഗമായാണ് പതാക ഉയര്‍ത്തൽ ചടങ്ങ് നടക്കുന്നത്. അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്‍റെ പ്രധാന മന്ദിരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. 2020 ൽ ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ധ്വജാരോഹണ ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിന് പുറമെ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവൻമാർ തുടങ്ങിയവരും പങ്കെടുന്നുണ്ട്. ചടങ്ങിന്‍റെ പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് സുരക്ഷാ വിന്യാസം കർശനമാക്കിയിട്ടുണ്ട്. 

അയോധ്യ ജില്ലയിലാകെ ജാ​ഗ്രത കൂട്ടിയിട്ടുണ്ട്. അതേസമയം അയോധ്യയിൽ കൊടി ഉയർത്താൻ പോകുന്ന മോദി വർഷത്തിൽ രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞതുൾപ്പടെ വാ​ഗ്ദാനങ്ങൾ പാലിച്ചോയെന്ന് കോൺ​ഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു. രാമക്ഷേത്ര നിർമ്മാണം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കിയിരുന്നെങ്കിലും ക്ഷേത്രം ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിലടക്കം ബിജെപി തോറ്റു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ രാമക്ഷേത്രം ബിജെപി പ്രധാന പ്രചാരണ വിഷയം ആക്കിയില്ല. എന്നാല്‍ അടിസ്ഥാന വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താന് കൂടിയാണ് അയോധ്യയിലെ ഓരോ ചടങ്ങും പ്രധാനമന്ത്രിയടക്കം പങ്കെടുത്ത് ബിജെപി ആഘോഷമാക്കുന്നത്.

YouTube video player