Asianet News MalayalamAsianet News Malayalam

ചന്ദ്രയാന്‍ വരെ പിന്നിലായി! ആ മോദി- പ്രഗ്നാനന്ദ ചിത്രം വേറെ ലെവലാണ്, റെക്കോർഡാണ്

പ്രഗ്നാനന്ദയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍, മോദിക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ചന്ദ്രയാനെ വരെ പിന്നിലാക്കിയ കഥ 
 

PM Modi Birthday Modi photo with R Praggnanandhaa most liked Instagram image of Narendra Modi in recent times jje
Author
First Published Sep 17, 2023, 7:15 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായി അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധാകർഷിച്ച ഒരു ചിത്രമുണ്ട്. ഒരു വലിയ ചെസ് ബോർഡിന് അപ്പുറമിപ്പുറം മോദിയും ഇന്ത്യന്‍ കൗമാര വിസ്മയം ആർ പ്രഗ്നാനന്ദയും ഇരിക്കുന്നതായിരുന്നു അത്. ഫിഡെ ചെസ് ലോകകപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി പ്രഗ്നാനന്ദ ചരിത്രമെഴുതിയതിന് പിന്നാലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നരേന്ദ്ര മോദി ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പ്രഗ്നാനന്ദയുടെ മാതാപിതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കുന്ന ചിത്രങ്ങളും മെഡല്‍ നോക്കിക്കാണുന്നതും ഇതിനൊപ്പമുണ്ടായിരുന്നു. 

'പ്രഗ്നാനന്ദയ്ക്കും അദേഹത്തിന്‍റെ കുടുംബത്തിനുമൊപ്പം, എപ്പോഴും ആവേശം നല്‍കുന്ന ചിത്രം' എന്ന തലക്കെട്ടോടെയായിരുന്നു മോദി ഇത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. പ്രഗ്നാനന്ദയെ അനുമോദിച്ചും അദേഹത്തെ തുണയ്ക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ചും ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയത്. 43 ലക്ഷത്തിലധികം പേർ ഈ ചിത്രം ലൈക്ക് ചെയ്തു. നരേന്ദ്ര മോദിയുടേതായി അടുത്തിടെ ഇന്‍സ്റ്റയില്‍ ഏറ്റവും കൂടുതല്‍ പേർ ലൈക്ക് ചെയ്ത ചിത്രം ഇതാണ്. ഇന്ത്യയുടെ ചന്ദ്രയാന്‍- 3 വിജയശേഷം 'ഇന്ത്യ ഈസ് ഓണ്‍ ദി മൂണ്‍' എന്ന തലക്കെട്ടോടെ മോദി പങ്കുവെച്ച വൈറല്‍ ചിത്രത്തെ വരെ ഇത് പിന്നിലാക്കി. 42 ലക്ഷത്തിലധികം പേരാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്തത്. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗിന്‍റെ ഗ്രാഫിക്സ് ചിത്രത്തിന് 40 ലക്ഷം പേരുടെ ലൈക്കും കിട്ടി. 

രാജ്യത്തിന് വലിയ അഭിമാന നേട്ടങ്ങളാണ് ചെസില്‍ 18കാരന്‍ ആർ പ്രഗ്നാനന്ദ സമ്മാനിക്കുന്നത്. ചെസ് ലോകകപ്പില്‍ തലമുറകളുടെ ഫൈനല്‍ പോരാട്ടത്തില്‍ നോർവേ ഇതിഹാസം മാഗ്നസ് കാള്‍സണെ വിറപ്പിച്ച ശേഷമാണ് പ്രഗ്നാനന്ദ പൊരുതി കീഴടങ്ങിയത്. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാള്‍സണെ സമനിലയില്‍ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളില്‍ മാഗ്നസ് കാള്‍സണ്‍ സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പ്രഗ്നാനന്ദ സമനില വഴങ്ങിയതോടെ കാള്‍സണ്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. ഈ വെള്ളി നേട്ടത്തിന് പിന്നാലെയാണ് പ്രഗ്നാനന്ദയും കുടുംബത്തേയും മോദി കണ്ടത്. 

ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആർ പ്രഗ്നാനന്ദ. 2000, 2002 വര്‍ഷങ്ങളില്‍ വിശ്വനാഥന്‍ ആനന്ദ് കിരീടം ചൂടുമ്പോള്‍ 24 താരങ്ങളുള്ള റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍. ലോക രണ്ടാം നമ്പർ താരം ഹികാരു നകമുറ, മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോ എന്നിവരെ തോല്‍പിച്ചാണ് ആർ പ്രഗ്നാനന്ദ തന്‍റെ ആദ്യ ചെസ് ലോകകപ്പില്‍ ഫൈനലിലേക്ക് കുതിച്ചത്.

Read more: കുട്ടിക്കാലം മുതല്‍ ലോക നേതാവ് വരെ; നരേന്ദ്ര മോദിയുടെ അപൂർവ ചിത്രങ്ങള്‍

Follow Us:
Download App:
  • android
  • ios