ഈ മാസം 24 ന് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പങ്കെടുക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതടക്കമുള്ള വിഷയങ്ങൾ ചര്‍ച്ചയാകും

ദില്ലി: ജമ്മുകശ്മീരിൽ സര്‍വ്വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 24 ന് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പങ്കെടുക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതടക്കമുള്ള വിഷയങ്ങൾ ചര്‍ച്ചയാകും. 370-ാം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മുകശ്മീരിലെ പാര്‍ടികളും കേന്ദ്രവും തമ്മിലുള്ള കുടിക്കാഴ്ച. ജമ്മുകശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിൻഹ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സര്‍വ്വകക്ഷി യോഗം വിളിക്കാനുള്ള നീക്കം. 

ആവശ്യമെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാവുന്ന സാഹചര്യം ഉണ്ടെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനുള്ളത്. തീവ്രവാദ സ്വാധീനം ഉണ്ടെങ്കിലും സ്ഥിതി കൂടുതൽ മെച്ചപ്പെട്ടുവെന്നാണ് ലെഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്ട്. ഡിസംബറിൽ നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പിൽ കശ്മീരിലെ പാര്‍ടികൾ ഉൾപ്പെട്ട ഗുപ്കര്‍ സമിതിയാണ് മുന്നേറ്റമുണ്ടാക്കിയത്. പക്ഷെ ബിജെപിയും കൂടുതൽ സീറ്റുകൾ പിടിച്ചു. പുതിയ സാഹചര്യത്തിൽ ബിജെപിയോടുള്ള രാഷ്ട്രീയ സഹകരണത്തിന് കശ്മീരിലെ പാര്‍ടികൾ തയ്യാറായേക്കില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കശ്മീരിലെ പാര്‍ടികളുടെ നിലപാ് കേട്ട ശേഷമാകും കേന്ദ്ര നിലപാട്. 

വ്യാഴാഴ്ചത്തെ സര്‍വ്വകക്ഷി യോഗത്തിൽ പങ്കെടുക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഗുപ്കര്‍ സമിതി വ്യക്തമാക്കി. 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ റഫൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സുപ്രീംകോടതി ഇടപെടലോടെയായിരുന്നു പിൻവലിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona