ഇന്ത്യന്‍ പൗരന്മാരെയും ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പൗരന്മാരെയും യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഓപ്പറേഷന്‍ ഗംഗയുടെ വിശദാംശങ്ങളും പ്രധാനമന്ത്രി തേടി. 

ദില്ലി: യുക്രൈന്‍-റഷ്യ (Ukraine-Russia) പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സുരക്ഷാ മുന്‍കരുതലുകളും ആഗോള സാഹചര്യവും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അതിര്‍ത്തികളിലെയും സമുദ്ര, വ്യോമ മേഖലകളിലെയും ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ് ബന്ധപ്പെട്ടവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇന്ത്യന്‍ പൗരന്മാരെയും ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പൗരന്മാരെയും യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഓപ്പറേഷന്‍ ഗംഗയുടെ വിശദാംശങ്ങളും പ്രധാനമന്ത്രി തേടി.

ഖാര്‍കിവില്‍ മരിച്ച വിദ്യാര്‍ഥി നവീന്റെ മൃതദേഹം തിരികെ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി മോദി നിര്‍ദ്ദേശിച്ചു. പ്രതിരോധ മേഖലയിലെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചും ഇന്ത്യയുടെ മുന്നേറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി അവലോകനം നടത്തി. സുരക്ഷാ സംവിധാനത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി വിശദീകരിച്ചു.

പ്രതിരോധ മേഖലയില്‍ ഇന്ത്യയെ സ്വാശ്രയമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും അതുവഴി സുരക്ഷ ശക്തിപ്പെടുത്തുക മാത്രമല്ല സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

'യുദ്ധം മടുത്തു, തിരിച്ച് നാട്ടിലെത്തണം'; യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി

ചെന്നൈ: യുക്രൈൻ സൈന്യത്തിൽ (Ukraine army) ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹം അറിയിച്ചു. റഷ്യക്കെതിരായ യുദ്ധമുഖത്ത് യുക്രൈൻ സേനയ്ക്കൊപ്പം(Ukraine Crisis ) ചേർന്നതായി വിവരം കിട്ടിയ തമിഴ്നാട് കോയമ്പത്തൂർ ഗൗണ്ടം പാളയംസ്വദേശി സായി നികേഷാണ് വീടുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചത്.

ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥിയാണ് സായി നികേഷ്. വിദേശ പൗരൻമാ‍‍ർ ഉൾപ്പെടുന്ന ഇന്‍റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിൽ സായിനികേഷ് ചേർന്നുവെന്നായിരുന്നു വിവരം. കോയമ്പത്തൂരിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ സായിക്ക് സൈന്യത്തിലേക്കുള്ള പ്രവേശനം സാധ്യമായില്ല.

വാർ വീഡിയോ ഗെയിമുകളിൽ അതീവ തൽപ്പരനായ സായി നികേഷ് ഒരു മാസം മുമ്പ് അവധിക്ക് വന്നപ്പോൾ തന്നെ യുക്രൈൻ സൈന്യത്തിൽ ചേരുമെന്ന് അമ്മയെ അറിയിച്ചിരുന്നു. പിന്നീട് ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിൽ ചേർന്നു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം സായി നികേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. യുദ്ധമുഖത്ത് നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്.അഞ്ച് വര്‍ഷത്തെ കോഴ്സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്. സായി യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന വിവരം പുറത്തായതോടെ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സായി നികേഷിന്‍റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തിയിരുന്നു.

യുക്രൈനില്‍ അരലക്ഷത്തിലേറെ സിവിലിയന്മാര്‍ യുദ്ധ മുന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ സൈന്യത്തില്‍ ചേര്‍ന്നുവെന്നാണ് വിവരം. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ 18 മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാം എന്ന ഉത്തരവ് യുക്രൈന്‍ പ്രസിഡന്‍റ് ഇറക്കിയിരുന്നു. ഇതിന് പുറമേ പൊതുജനത്തിന് ആയുധങ്ങളുടെ വിതരണവും യുക്രൈന്‍ സര്‍ക്കാര്‍ നടത്തിയിരുന്നു.