ദില്ലി: രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിം​ഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്ക് ചായ നൽകിയ ഹരിവംശിന്റെ മഹാമനസ്കതക്ക് നന്ദി എന്നാണ് മോദി ട്വീറ്റ് ചെയ്തത്. രാജ്യസഭയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എംപിമാരെ കാണാൻ ഹരിവംശ് രാവിലെ എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പാർലമെന്റ് മന്ദിരത്തിനു മുമ്പിൽ സമരം ചെയ്യുന്ന പ്രതിപക്ഷ എംപിമാരെ രാജ്യസഭ ഉപാധ്യക്ഷൻ കാണാനെത്തുന്നതും അവർക്ക് ചായ വിതരണം ചെയ്യുന്നതുമായ ദൃശ്യങ്ങൾ രാവിലെ പുറത്തുവന്നിരുന്നു. 

ഇന്നലെയാണ് എട്ട് എംപിമാരെ രാജ്യസഭ അധ്യക്ഷൻ സഭയിൽ നിന്ന് പുറത്താക്കിയത്. കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പുറത്താക്കൽ. ബില്ല് അവതരണ വേളയിൽ നാടകീയരം​ഗങ്ങളാണ് അരങ്ങേറിയത്. രാജ്യസഭ ഉപാധ്യക്ഷനോട് അപമര്യാ​ദയായി പെരുമാറിയത് അപലപനീയം എന്നായിരുന്നു രാജ്യസഭ അധ്യക്ഷൻ‌‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടത്.   സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പാർലമെന്റ് വളപ്പിൽ എംപിമാർ അനിശ്ചിതകാല ധർണ തുടങ്ങുകയായിരുന്നു. 

പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് എംപിമാരുടെ സമരം. സിപിഎം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്‍, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവരാണ് സമരമുഖത്തുള്ളത്.