മുംബൈ: അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ദേവേന്ദ്ര ഫഡ്‌നാവിസിനും ഉപമുഖ്യമന്ത്രിയായ എന്‍.സി.പിയുടെ അജിത് പവാറിനും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇരുവരെയും അഭിനന്ദിക്കുന്നെന്നും മഹാരാഷ്ട്രയുടെ നല്ല ഭാവിക്കായി ഇവര്‍ പ്രയത്‌നിക്കുമെന്ന കാര്യത്തില്‍ ആത്മ വിശ്വാസ്വമുണ്ടെന്നുമാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. പ്രധാനമന്ത്രി അടക്കം ബിജെപിയുടെ ഉന്നതവൃത്തങ്ങള്‍ എല്ലാം ഈ നീക്കങ്ങള്‍ അറിഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിന്‍ ഗഡ്ഗരി എന്നിവരും പുതിയ മുഖ്യമന്ത്രിയെയും, ഉപമുഖ്യമന്ത്രിയെയും അഭിനന്ദിച്ചു.

ശിവസേനയെ ഞെട്ടിച്ച് നാടകീയ നീക്കവുമായി മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപിസര്‍ക്കാര്‍ . അതീവ നാടകീയ നീക്കത്തിനൊടുവില്‍ സംസ്ഥാനഭരണം എന്‍സിപി ബിജെപി സഖ്യത്തിന്. ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി. അജിത് പവാർ ഉപമുഖ്യമന്ത്രിയാവും. ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ പറഞ്ഞു. 

ജനം പിന്തുണച്ചത് ബിജെപിയെ എന്ന് ഫഡ്നാവിസ് പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായ നീക്കം. ശിവസേന–എന്‍സിപി–കോണ്‍ഗ്രസ്  സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍‌ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.