Asianet News MalayalamAsianet News Malayalam

ട്രംപിനെ തള്ളി ഇന്ത്യ; കശ്മീർ പ്രശ്നത്തിൽ മോദി അമേരിക്കയുടെ മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

 ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ കശ്മീരിൽ പ്രശ്ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

PM Modi do not ask us to mediate in Kashmir dispute
Author
New Delhi, First Published Jul 23, 2019, 6:16 AM IST

ദില്ലി: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ സഹായം തേടിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ പൂർണ്ണമായും തള്ളി ഇന്ത്യ. വിഷയത്തിൽ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിർദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ കശ്മീരിൽ പ്രശ്ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

കശ്‍മീര്‍ വിഷയത്തില്‍ രണ്ടാഴ്ച മുമ്പ് മോദി അമേരിക്കയുടെ മധ്യസ്ഥത തേടിയെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വൈറ്റ് ഹൗസിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശം.

കശ്മീർ വിഷയത്തിൽ ഇടപെടാമെന്ന് ട്രംപ്, മോദി ഈ ആവശ്യം മുന്നോട്ടു വച്ചെന്നും വെളിപ്പെടുത്തൽ

രണ്ടാഴ്ച മുമ്പ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ കശ്മീർ വിഷയത്തിൽ ഇടപെടാമോ എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. മനോഹരമായ കശ്മീർ ബോംബുകൾ വർഷിക്കുന്ന താഴ്‍വാരയായി മാറി. സ്ഥിതിഗതികൾ തീർത്തും വഷളായ അവസ്ഥായാണുള്ളത്. വിഷയത്തിൽ മധ്യസ്ഥനാകുന്നതിൽ സന്തോഷമേയുള്ളൂ എന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ട്രംപിന്റെ പ്രസ്താവന പ്രതിപക്ഷം ഏറ്റെടുത്തു. ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിലും ഉന്നയിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബറിൽ അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.  

Follow Us:
Download App:
  • android
  • ios