Asianet News MalayalamAsianet News Malayalam

കശ്മീർ വിഷയത്തിൽ ഇടപെടാമെന്ന് ട്രംപ്, മോദി ഈ ആവശ്യം മുന്നോട്ടു വച്ചെന്നും വെളിപ്പെടുത്തൽ

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായം അഭ്യര്‍ത്ഥിച്ചതായും തനിക്ക് മധ്യസ്ഥനാവുന്നതില്‍ സന്തോഷമാണെന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Trump said he will mediate in Kashmir issue
Author
Washington D.C., First Published Jul 22, 2019, 10:54 PM IST

വാഷിംഗ്ടണ്‍: കശ്‍മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ്. പാകിസ്ഥാൻ പ്രസിഡന്‍റ് ഇമ്രാൻ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ക്ക് ശേഷമാണ് ട്രംപിന്‍റെ പ്രഖ്യാപനം. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായം അഭ്യര്‍ത്ഥിച്ചതായും തനിക്ക് മധ്യസ്ഥനാവുന്നതില്‍ സന്തോഷമേയുള്ളൂ എന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്മീരിലെ സ്ഥിതി വളരെ വളഷാണെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയുമെങ്കില്‍ ഇടപെടാമെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. ട്രംപിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് ഇതിനോടകം തന്നെ പല നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ട്രംപ് പറഞ്ഞത് ശരിയാണോയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്നും ട്രംപ് കള്ളം പറയുകയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ജമ്മുകശ്മീര്‍ നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്‍ക്ക് അടിയറവ് വെയ്ക്കുകയാണോയെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ച്യൂരിയുടെ പ്രതികരണം. എന്നാല്‍ ട്രംപിന്‍റെ പ്രസ്താവനകളോട് വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ട്രംപ് - ഇമ്രാൻ കൂടിക്കാഴ്ചയിൽ പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള വ്യാപാരമേഖലയിലെ സഹകരണവും തെക്കേ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യുമെന്ന് പാക് വാര്‍ത്താ വിനിമയ മന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി വഷളായിരുന്ന പാകിസ്ഥാനും  അമേരിക്കയും തമ്മിലുള്ള ബന്ധം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയോടെ ശക്തിപ്പെടുമോയെന്ന് കണ്ടറിയാം. കഴിഞ്ഞവര്‍ഷം പാകിസ്ഥാന് നല്‍കിയിരുന്ന സഹായധനം ട്രംപ് നിര്‍ത്തലാക്കിയിരുന്നു. സ്വന്തം മണ്ണിലെ തീവ്രവാദത്തിന് എതിരെ ഇസ്ലാമാബാദ് നടപടികള്‍ എടുക്കുന്നത് വരെ സഹായധനം നല്‍കില്ലെന്നായിരുന്നു അന്ന് ട്രംപിന്‍റെ തീരുമാനം. 

 

Follow Us:
Download App:
  • android
  • ios