പ്രതിരോധ ഉൽപ്പാദനത്തിലെ ആധുനികവൽക്കരണവും സ്വയംപര്യാപ്തതയും മോദി വിവരിച്ചു
ദില്ലി: കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധമേഖല കൈവരിച്ച നേട്ടങ്ങൾ വിവരിച്ച് അഭൂതപൂർവമായ വളർച്ചയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കഴിഞ്ഞ 11 വർഷത്തിനിടെ, പ്രതിരോധ മേഖലയിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിരോധ ഉൽപ്പാദനത്തിൽ ആധുനികവൽക്കരണത്തിലും സ്വയംപര്യാപ്തതയിലും വന്ന വ്യക്തമായ മുന്നേറ്റം ഇതടയാളപ്പെടുത്തുന്നതായും മോദി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. പ്രതിരോധത്തിൽ കൂടുതൽ സ്വയംപര്യാപ്തതയിലേക്കും സാങ്കേതിക മികവിലേക്കും ഇന്ത്യയെ നയിക്കാനുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തെക്കുറിച്ചും മോദി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വിവരിച്ചു.
'പ്രതിരോധ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ആധുനികവൽക്കരണത്തിലും സ്വയംപര്യാപ്തതയിലും വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച്, കഴിഞ്ഞ 11 വർഷങ്ങൾ നമ്മുടെ പ്രതിരോധ മേഖലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഇന്ത്യയെ കൂടുതൽ ശക്തമാക്കാനുള്ള ദൃഢനിശ്ചയവുമായി ഇന്ത്യയിലെ ജനങ്ങൾ എങ്ങനെ ഒത്തുചേർന്നുവെന്ന് കാണുന്നത് സന്തോഷകരമാണ്!' - ഇങ്ങനെയാണ് മോദി എക്സിൽ കുറിച്ചത്.
അതേസമയം ഇന്ത്യയുടെ സാങ്കേതിക ടെക്സ്റ്റൈൽ മേഖല അതിവേഗ വളർച്ച കൈവരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. നാഷണൽ ടെക്നിക്കൽ ടെക്സ്റ്റൈൽസ് മിഷൻ (എൻ ടി ടി എം), പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി എൽ ഐ) പദ്ധതി തുടങ്ങിയ പ്രധാന ഗവൺമെന്റ് സംരംഭങ്ങൾ വഴി ഇന്ത്യയുടെ സാങ്കേതിക തുണിത്തര മേഖല എങ്ങനെ പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നതിനെക്കുറിച്ചുള്ള കുറിപ്പും പ്രധാനമന്ത്രി പങ്കുവച്ചു. ഈ ശ്രമങ്ങൾ ആഭ്യന്തര ഉൽപ്പാദനത്തെ ഗണ്യമായി വർദ്ധിപ്പിക്കുകയും, നവീകരണം വളർത്തുകയും, കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും സാങ്കേതിക ടെക്സ്റ്റൈൽ രംഗത്ത് ഇന്ത്യയെ ആഗോള നേതൃസ്ഥാനത്ത് ഉറപ്പിക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.
കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ കായിക മേഖലയിലുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ വികാസം എടുത്തുകാണിക്കുന്ന കുറിപ്പും പ്രധാനമന്ത്രി പങ്കുവെച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ കായിക അടിസ്ഥാന സൗകര്യങ്ങളുടെ വികാസവുംം പരിവർത്തനവും ഇന്ത്യയെ ഒരു ആഗോള കായിക ശക്തികേന്ദ്രമായി മാറുന്നതിലേക്ക് നയിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാലയളവിൽ ഇന്ത്യയുടെ കായിക അടിസ്ഥാന സൗകര്യങ്ങൾ അഭൂതപൂർവമായ തോതിൽ മാറിയെന്നും യുവാക്കളെ അതിന്റെ കേന്ദ്രബിന്ദുവായി കണക്കാക്കിക്കൊണ്ടുള്ള ഈ മാറ്റം ഇന്ത്യയെ ഒരു ആഗോള കായിക ശക്തികേന്ദ്രമായി മാറുന്നതിലേക്ക് നയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 11 വർഷമായി ഇന്ത്യയുടെ ഡിജിറ്റൽ കണക്റ്റിവിറ്റി മുന്നോട്ട് കൊണ്ടുപോകുന്നതിലെ സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിപ്പ് പങ്കുവച്ചു.


