Asianet News MalayalamAsianet News Malayalam

കൊവിഡ്, കശ്മീർ, പുൽവാമ, ഗൽവാൻ എന്നിവയിലൂന്നി, നിതീഷിനെ പുകഴ്ത്തി ബിഹാറിൽ മോദി

നേരത്തേ, ബിജെപി സഖ്യം വിജയിച്ചാൽ നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്നതിൽ തർക്കമില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ബിഹാറുകാർക്ക് സൗജന്യ കൊവിഡ് വാക്സിനെന്ന ബിജെപിയിലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രസ്താവനയിൽ പറഞ്ഞത് വിവാദമാവുകയും ചെയ്തു.

pm modi first campaign speech at bihar ahead of elections
Author
Thiruvananthapuram, First Published Oct 23, 2020, 12:01 PM IST

ദില്ലി/ പട്‍ന: 'ഫിർ ഏക് ബാർ, ബിഹാർ മേ എൻഡിഎ സർക്കാർ', (വീണ്ടുമൊരിക്കൽ ബിഹാറിൽ എൻഡിഎ സർക്കാർ) എന്ന പഴയ മുദ്രാവാക്യം ബിഹാറിൽ പൊടിതട്ടിയെടുക്കുകയാണ് മോദി. ബിഹാർ എന്ന നാടിനെ 'ബിമാരു' (അസുഖബാധിതം) ആക്കാൻ ശ്രമിച്ചവർക്കായി വോട്ട് ചെയ്യേണ്ടെന്ന് ജനങ്ങൾ തീരുമാനിച്ച് കഴിഞ്ഞുവെന്നാണ് മോദി ബിഹാറിലെ സസാറാമിൽ നടത്തിയ ആദ്യതെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. പുൽവാമയും ഗൽവാനും ഉയർത്തിക്കാട്ടി, കൊവിഡിൽ ഊന്നിയാണ് മോദിയുടെ പ്രസംഗം. 

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും ഇന്ന് ബിഹാറിൽ തെരഞ്ഞെടുപ്പ് റാലി നടത്താനിരിക്കെ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂട് ഉയരുകയാണ്. മൂന്ന് റാലികളില്‍ പ്രധാനമന്ത്രിയും, രണ്ട് റാലികളില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. 

സസാറാമിലെ ബിയാഡ മൈദാനിൽ നടക്കുന്ന റാലിയിൽ ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും പങ്കെടുക്കുന്നുണ്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തിലും നിരവധിപ്പേരാണ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയത്. ''രോഗം പടർന്നുപിടിക്കുന്നതിനിടയിലും ഇത്രയധികം പേർ റാലിക്ക് എത്തിയതിൽ ജനങ്ങളോട് നന്ദി. പ്രധാനമന്ത്രിക്ക് സ്വാഗതം'', എന്ന് നിതീഷ് കുമാർ. 

കേന്ദ്രത്തിൽ സഖ്യകക്ഷിയാണെങ്കിലും ബിഹാറിൽ ഉടക്കി നിൽക്കുന്ന എൽജെപിയുടെ നേതാവും അന്തരിച്ച കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന് ആദരാഞ്ജലികൾ അർപ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയതെന്നത് ശ്രദ്ധേയമായി. മുൻ കേന്ദ്രമന്ത്രിയായിരുന്ന, ഈയിടെ അന്തരിച്ച രഘുവംശപ്രസാദിനും മോദി ആദരാഞ്ജലികൾ നേർന്നു. 

കൊവിഡിനെ ബിഹാറിലെ ജനങ്ങൾ നേരിട്ട മാതൃക അനുകരണീയമാണെന്നും, അഭിനന്ദനാർഹമാണെന്നും മോദി പറഞ്ഞു. നിതീഷ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ്, സംസ്ഥാനത്ത് കൊവിഡ് പിടിച്ചുനിർത്താനായത്. അതിന് സംസ്ഥാനസർക്കാർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു - മോദി പറഞ്ഞു. 

ഗൽവാൻ താഴ‍്‍വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിലും, പുൽവാമ ഭീകരാക്രമണത്തിലും വീരമൃത്യു വരിച്ച ബിഹാർ സ്വദേശികളായ സൈനികർക്കും മോദി ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിന്‍റെ യശസ്സ് ഉയർത്തിപ്പിടിച്ചവരാണവർ - മോദി പറഞ്ഞു. 

ആരാണ് സംസ്ഥാനത്തെ പിന്നോട്ടടിച്ചതെന്ന് തിരിച്ചറിയണം. അഴിമതിയുടെ കൂത്തരങ്ങായി ബിഹാറിനെ മാറ്റിയതാരെന്ന് മനസ്സിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാനനില ആകെ തകർന്ന അവസ്ഥയിലായിരുന്നു. അത് മാറ്റിയത് നിതീഷാണ് - മോദി പറഞ്ഞു.

അതിർത്തിയിലേക്ക് സ്വന്തം പുത്രൻമാരെയും പുത്രിമാരെയും പോരാടാൻ അയച്ചവരാണ് ബിഹാറുകാർ. കശ്മീരിന്‍റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ സർക്കാരാണിത്. ഇപ്പോൾ ഞങ്ങൾക്കെതിരെ നിൽക്കുന്നവർ അധികാരത്തിൽ വന്നാൽ കശ്മീരിന് പ്രത്യേകാധികാരം തിരികെ നൽകുമെന്നാണ് പറയുന്നത്. എന്ത് ധൈര്യത്തിലാണ് അവർ ഇവിടെ വന്ന് വീണ്ടും വോട്ട് ചോദിക്കുന്നത്? എന്ന് മോദി. 

ഇടനിലക്കാരിൽ നിന്ന് കർഷകച്ചന്തകളെ രക്ഷിക്കാനാണ്, കർഷകനിയമം സർക്കാർ പാസ്സാക്കിയതെന്ന് മോദി പറയുന്നു. ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണമയച്ചതിനെ പല രീതിയിൽ പ്രതിപക്ഷം തടസ്സപ്പെടുത്താൻ നോക്കിയെന്ന് മോദി ആരോപിക്കുന്നു. റഫാൽ വിമാനങ്ങൾ വാങ്ങിയപ്പോൾ ഇടനിലക്കാരുടെയും അട്ടിമറിക്കാരുടെയും ഭാഷയിലാണ് പ്രതിപക്ഷം സംസാരിച്ചതെന്നും മോദിയുടെ ആരോപണം. 

Follow Us:
Download App:
  • android
  • ios