ലക്നൗ: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷത്തെ വിലയിരുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രപരം എന്നാണ് മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിരോധിച്ചത്, അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് വഴിതുറന്നത് എന്നിവയാണ് മോദി 2.0യുടെ നേട്ടങ്ങളായി യോഗി വാഴ്ത്തിയത്.

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നപ്പോള്‍ അഭൂതപൂർവമായ നടപടികള്‍ സ്വീകരിക്കാന്‍ ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളിലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നരേന്ദ്ര മോദി യാഥാര്‍ത്ഥ്യങ്ങളാക്കി. സമാനതകളില്ലാത്ത ആവേശമാണ് വർഷങ്ങളായി രാജ്യത്തിന് വെല്ലുവിളിയായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം കാണിച്ചത്.

നരേന്ദ്ര മോദിക്ക് കീഴില്‍ കൊറോണ വൈറസ് മഹാമാരിക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം ലോകത്തിന് മാതൃകയാണ്. ഏറ്റവും ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ സമയത്ത് അദ്ദേഹം വലിയ ശ്രദ്ധനല്‍കി. കേന്ദ്രത്തിന്‍റെ 20 ലക്ഷം കോടിയുടെ പാക്കേജ് സാമ്പത്തിക രംഗത്തിന് ഊര്‍ജം നല്‍കിയെന്നും ആദിത്യനാഥ് പറഞ്ഞു.

അതേസമയം, ലോക്ക്ഡൗണ്‍ നാലാംഘട്ടം ഇന്നവസാനിക്കുമ്പോള്‍ രാജ്യത്തെ പ്രതിദിന രോഗബാധ നിരക്ക് എണ്ണായിരം പിന്നിട്ടു. രാജ്യവ്യാപക ലോക്ക്ഡൗണിന് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിനും മധ്യപ്രദേശിനും പിന്നാലെ തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടിയതായി അറിയിച്ചു.