Asianet News MalayalamAsianet News Malayalam

അടുത്ത 25 വ‍ര്‍ഷത്തിൽ കശ്മീരിൻ്റെ മുഖച്ഛായ മാറുമെന്ന് പ്രധാനമന്ത്രി: 20,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ജമ്മു കാശ്മീരിലെ യുവാക്കൾക്ക് സാധ്യതകളുടെ ഭാവി ഉറപ്പാക്കും. മുൻ​ഗാമികൾ നേരിട്ട പ്രശ്നങ്ങളും പ്രതിസന്ധികളും എന്തായാലും അവ‍രിലേക്ക് എത്തില്ല. 

PM Modi Inaugurated 20000 crore worth projects in Kashmir
Author
Jammu, First Published Apr 24, 2022, 2:37 PM IST

ജമ്മു: ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്മീരീല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. (Youth in Jammu & Kashmir Won't Inherit Old Problems Says PM Modi) വികസനകാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്മീര്‍ പുതിയ മാതൃകയാകുകയാണെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മോദി പറഞ്ഞു. മുന്‍പ് ഇല്ലാതിരുന്ന പല  കേന്ദ്രനിയമങ്ങളും പ്രാബല്യത്തിലാക്കിയത് ജമ്മുകശ്മീരിലെ ജനങ്ങളെ ശാക്തീകരിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടിക്കായി ജമ്മുകാശ്മീരില്‍ എത്തുന്നത്.

കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിൽ നിർമിക്കുന്ന 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതിക്കും 540 മെഗാവാട്ട് ക്വാർ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 3100 കോടി രൂപ ചെലവിൽ നിർമിച്ച ബനിഹാൽ-ഖാസിഗുണ്ട് റോഡ് ടണലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനുമിടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യും. ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേയുടെ തറക്കല്ലിടലും മോദി നിർവ​ഹിച്ചു. 

ജമ്മു കാശ്മീരിലെ യുവാക്കൾക്ക് സാധ്യതകളുടെ ഭാവി ഉറപ്പാക്കും. മുൻ​ഗാമികൾ നേരിട്ട പ്രശ്നങ്ങളും പ്രതിസന്ധികളും എന്തായാലും അവ‍രിലേക്ക് എത്തില്ല. ഈ കാലയളവിൽ ജമ്മു കശ്മീരിലെ ടൂറിസം രം​ഗത്തുണ്ടായ മാറ്റം അതിന് ഉദാഹരമാണ്. ഈ വർഷം പഞ്ചായത്തിരാജ് ദിനം ജമ്മു കശ്മീരിൽ ആഘോഷിക്കുകയാണ്. വലിയൊരു മാറ്റത്തെയാണ് ജമ്മുവിലെ ഈ ആഘോഷം  സൂചിപ്പിക്കുന്നത്. ജനാധിപത്യം താഴെത്തട്ടിൽ എത്തിയിരിക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വർഷങ്ങളോളം ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിഷേധിക്കപ്പെട്ട നിലയായിരുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിനായി ഞങ്ങൾ എല്ലാ കേന്ദ്ര നിയമങ്ങളും ജമ്മു കശ്മീരിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെ വർഷങ്ങളായി സംവരണത്തിന്റെ ആനുകൂല്യം നിഷേധിക്കപ്പെട്ടവർക്ക് ആ അവകാശങ്ങൾ തിരികെ ലഭിച്ചിരിക്കുന്നു. അടുത്ത 25 വ‍ര്‍ഷത്തിൽ ജമ്മുകശ്മീരിൻ്റെ മുഖഛായ പാടെ മാറും. 

ദേശീയ പഞ്ചായത്ത് രാജ് ദിനമായ ഇന്ന് സാംബ ജില്ലയിലെ പല്ലി പഞ്ചായത്തിൽ എത്തിയ മോദി ജമ്മു കശ്മീരിലെ പഞ്ചായത്ത് പ്രതിനിധികളുമായി ആശയവിനിമയം നടത്തി. പല്ലിയെ പഞ്ചായത്തിൽ സ്ഥാപിച്ച സോളാ‍ര്‍ പവര്‍ പ്ലാൻ്റിനെക്കുറിച്ച് അവിടുത്തെ പ്രതിനിധികൾ മോദിയോട് വിശദീകരിച്ചു.
 
കാർഷിക മേഖലയിൽ സോളാർ പമ്പ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എൽഇഡി ബൾബുകളുടെയും സോളാർ കുക്കറിന്റെയും ഉപയോഗത്തെക്കുറിച്ചും പ്രധാനമന്ത്രി ജനപ്രതിനിധകളോട് വിശദീകരിച്ചു. പ്രകൃതി കൃഷിയുടെ നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗ്രാമപഞ്ചായത്തുകളുടെ സ്ഥാപക ദിനം ആഘോഷിക്കുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഓരോ വർഷവും ഇത്തരം ആഘോഷങ്ങളിൽ ഗ്രാമത്തിലെ എല്ലാ ആളുകളും വന്ന് പങ്കുചേരണമെന്നും അടുത്ത വർഷം പൂര്‍ത്തീകരിക്കേണ്ടതും ആരംഭിക്കേണ്ടതുമായ എല്ലാ ജോലികളും എന്താണെന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 


 

Follow Us:
Download App:
  • android
  • ios