Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തും, കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തും; പ്രഖ്യാപനങ്ങളുമായി മോദി

കശ്മീ‍ർ വിഭജനത്തിന് ശേഷം ഇതാദ്യമായി ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കും. മണ്ഡലപുന‍ർ നിർണയം പൂർത്തിയാക്കിയ ശേഷമായിരിക്കും കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 

PM modi independence day declarations
Author
Delhi, First Published Aug 15, 2020, 9:56 AM IST

ദില്ലി: രാജ്യത്തിൻ്റെ 74-ാം സ്വാതന്ത്യദിനത്തിൽ നിർണായക പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളതലത്തിൽ നിലനിൽക്കുന്ന കൊവിഡ് വെല്ലുവിളി ഇന്ത്യയും ഫലപ്രദമായി നേരിടുകയാണെന്നും കൊവിഡിൻ്റെ ആദ്യനാളുകളിൽ പിപിഇ കിറ്റുകളോ വെൻ്റിലേറ്ററുകളോ നിർമ്മിക്കാതിരുന്ന രാജ്യം ഇന്ന് ആ മേഖലകളിലെല്ലാം സ്വയം പര്യാപ്തത നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സ്വാതന്ത്രദിനത്തിൽ ചെങ്കോട്ടയിൽ നടന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ നിർണായക പ്രഖ്യാപനങ്ങൾ - 

  • 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കേന്ദ്രസർക്കാർ നടപ്പാക്കും. 700 അടിസ്ഥാന വികസനപദ്ധതികൾ സംയോജിപ്പിച്ചായിരിക്കും ഈ ലക്ഷ്യം കൈവരിക്കുക. ഇതിനായി വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ സംയോജിപ്പിക്കും. 
  • ജലസംരക്ഷണവും കുടിവെള്ളവിതരണം ഉറപ്പാക്കലും സ‍ർക്കാരിൻ്റെ പ്രധാന അജൻഡയാണ്. 2 കോടി വീടുകളിൽ ഒരു വർഷത്തിൽ കുടിവെള്ളം എത്തിച്ചു.
  • നിയന്ത്രണരേഖമുതൽ യഥാ‍ത്ഥനിയന്ത്രണരേഖ വരെ (പാകിസ്ഥാൻ അതി‍ർത്തി മുതൽ ചൈനീസ് അതി‍ർത്തി വരെ) ഏതു തരത്തിലുള്ള വെല്ലുവിളി നേരിടാനും രാജ്യം സജ്ജമാണ്. ഒരു ലക്ഷം എൻസിസി കേഡറ്റുകളെ കൂടി അതിർത്തി ജില്ലകളിൽ വിന്യസിക്കും. 
  • കശ്മീ‍ർ വിഭജനത്തിന് ശേഷം ഇതാദ്യമായി ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കും. മണ്ഡലപുന‍ർ നിർണയം പൂർത്തിയാക്കിയ ശേഷമായിരിക്കും കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 
  • പ്രോജക്ട് ടൈഗർ എന്ന കടുവകളുടെ സംരക്ഷണത്തിനായി നടത്തിയ പദ്ധതി പ്രയോജനം കണ്ടു. ഇതേ മാതൃകയിൽ പ്രോജക്ട് ലയൺ എന്ന പേരിൽ സിംഹ സംരക്ഷണ പദ്ധതിയും നടപ്പാക്കും. ഡോൾഫിനുകളുടെ സംരക്ഷണത്തിനായും പ്രത്യേകപദ്ധതി നടപ്പാക്കും. 
  • പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള 18 വയസിൽ നിന്നും ഉയ‍ർത്തും. ഇക്കാര്യം പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോ​ഗിച്ചു. സമിതിയുടെ റിപ്പോ‍ർട്ടിൽ ഇക്കാര്യത്തിൽ തുട‍ർനടപടി സ്വീകരിക്കും. 
  • 6 ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കും.1000 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും
  • ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ പ്രഖ്യാപിച്ചു. ആധാ‍ർ കാർഡ് മാതൃകയിൽ രാജ്യത്തെ എല്ലാ പൗരൻമാ‍ർക്കും ഇനി ഹെൽത്ത് ഐഡി കാ‍ർഡ് ലഭ്യമാകും. ഏത് ആശുപത്രിയിൽ ചികിത്സ തേടാനും തുട‍ർചികിത്സ എളുപ്പമാക്കാനും ഹെൽത്ത് ഐഡി കാ‍ർഡ് സഹായിക്കും. 
  • കൊവിഡ് പ്രതിരോധത്തിനായുള്ള മരുന്ന് എത്രയും വേഗം തയ്യാറാക്കാൻ നടപടി സ്വീകരിക്കും. നിലവിൽ മൂന്ന് മരുന്നുകളുടെ പരീക്ഷണം ഇന്ത്യയിൽ തുടരുകയാണ്. ഇവ വിതരണം ചെയ്യാനുള്ള രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്.  
Follow Us:
Download App:
  • android
  • ios