കലാപ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണം. സാഹചര്യം ജാഗ്രതയോടെ നിരീക്ഷിക്കണം
ദില്ലി : കലാപ കലുഷിതമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കലാപ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണം. സാഹചര്യം ജാഗ്രതയോടെ നിരീക്ഷിക്കണം. മേഖലയിലെ വിവിധ രാജ്യങ്ങളുമായി ആശയ സമ്പർക്കം നിലനിർത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. മലയാളിയായ ആൽബർട്ട് അഗസ്റ്റിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ, നാവിക-വ്യോമസേന മേധാവിമാർ, നയതന്ത്രപ്രതിനിധികള്‍ എന്നിവർ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം സൗദി, യുഎഇ രാജ്യങ്ങളുമായി രക്ഷാദൗത്യത്തെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിരുന്നു. സുഡാനിലെ സാഹചര്യം സംഘർഷഭരിതമായി തുടരുകയാണെന്നും സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. മലയാളികള്‍ അടക്കമുള്ള നാലായിരത്തോളം പേര്‍ സുഡാനില്‍ ഉണ്ടെന്നാണ് സർക്കാർ കണക്കുകൂട്ടല്‍.

അതേ സമയം, സുഡാനിൽ അര്‍ധ സൈനിക വിഭാഗം 72 മണിക്കൂര്‍ വെടി നിര്‍ത്തൽ പ്രഖ്യാപിച്ചെങ്കിലും ഇരുപക്ഷവും ഇന്നും ഏറ്റുമുട്ടി. ഖാർത്തൂമിലും പരിസരങ്ങളിലും കനത്ത ഷെല്ലിങ്ങും വെടിവെപ്പും തുടരുകയാണ്. അര്‍ധ സൈനിക വിഭാഗത്തിന്‍റെ വെടിനിര്‍ത്തൽ പ്രഖ്യാപനത്തോട് സൈന്യം പ്രതികരിച്ചിരുന്നില്ല. പോരാട്ടം തുടരുന്നതിനിടെ സൈനിക മേധാവി അബ്ദെൽ ഫത്തേ അൽ ബുർഹാൻ ടെലിവിഷനിലൂടെ ഈദ് ആശംസിച്ചു. സംഘര്‍ഷം തുടര്‍ന്നാൽ ലക്ഷങ്ങള്‍ പട്ടിണിയിലാകുമെന്നാണ് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ മുന്നറിയിപ്പ്.
സുഡാനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യം ചർച്ച ചെയ്ത് പ്രധാനമന്ത്രി, ഉന്നതതലയോഗം പുരോഗമിക്കുന്നു

