വിക്ഷിത് വൈബ്രന്റ് വില്ലേജ് പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി യുവ വോളന്റിയർമാരുമായി സംവദിച്ചു. ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന അതിർത്തി ഗ്രാമങ്ങളിലെ മുന്നേറ്റം നേരിൽ കാണാനും ഗ്രാമീണ ഇന്ത്യയെ അടുത്തറിയാനും യുവാക്കൾ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തു
ദില്ലി: കേന്ദ്ര സർക്കാരിന്‍റെ വിക്ഷിത് വൈബ്രന്റ് വില്ലേജ് പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 400 യുവ വോളന്റിയർമാരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിക്കായി അപേക്ഷിച്ച മൂന്ന് ലക്ഷത്തോളം യുവാക്കളിൽ നിന്നാണ് 400 പേരെ തെരഞ്ഞെടുത്തത്. അതിർത്തി ഗ്രാമങ്ങളിൽ താമസിച്ച് വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത യുവാക്കൾ തങ്ങളുടെ അനുഭവങ്ങളും ആ പ്രദേശങ്ങളിലുണ്ടായ വികസന മുന്നേറ്റങ്ങളും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. ഡിജിറ്റൽ മാധ്യമങ്ങൾ വഴിയല്ലാതെ ഇന്ത്യയിലെ ഗ്രാമീണ മേഖലകളെ നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ യുവാക്കൾക്ക് അവസരമൊരുക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അതിർത്തി ഗ്രാമങ്ങളിൽ വലിയ മാറ്റം
ഒരുകാലത്ത് രാജ്യത്തിന്റെ അവസാന ഗ്രാമങ്ങൾ എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞിരുന്ന അതിർത്തി പ്രദേശങ്ങളിൽ ഇന്ന് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, ഇന്റർനെറ്റ് സംവിധാനങ്ങൾ എന്നിവയെല്ലാം അതിർത്തി ഗ്രാമങ്ങളിൽ ശക്തമായിക്കഴിഞ്ഞു. ഈ വികസന നേട്ടങ്ങൾ നേരിട്ട് കണ്ടറിയാനും അതിർത്തി പ്രദേശങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും രാജ്യത്തെ കൂടുതൽ യുവാക്കൾ അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാൻ മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
