Asianet News MalayalamAsianet News Malayalam

കൊവിഡ് സാഹചര്യമെന്ത്? പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു; കർണാടകയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്നവർക്ക് കർണാടകയിൽ കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

PM Modi meeting with chief ministers over rising Covid-19 cases
Author
New Delhi, First Published Mar 16, 2021, 1:00 AM IST

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. മാർച്ച് 17 നാണ് യോഗം. വെർച്വൽ യോഗം 12 .30ന് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്നാംഘട്ട വാക്സിൻ വിതരണമടക്കം യോഗത്തിൽ ചർച്ചയാകും.

അതേസമയം രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കർണാടക തീരുമാനിച്ചു. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്നവർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്ന് മുതൽ ഇത് ശക്തമായി നടപ്പാക്കും. ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതിരിക്കണമെങ്കിൽ ജനങ്ങൾ കർശനമായി സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് നിർബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞു. 

അതേസമയം ഒരാഴ്ചയ്ക്കിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 33 ശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞ 85 ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൊവിഡ് ഇപ്പോഴും ആശങ്കയായി തുടരുകയാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധി കഴിഞ്ഞെന്ന മട്ടിലാണ് സർക്കാരിന്‍റെ പെരുമാറ്റമെന്നും രാഹുൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധത്തിൽ വീഴ്ച്ച വരുത്തരുതെന്നും മാസ്ക് ധരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ട് പോകണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഇതിനിടെ ഡെൻമാർക്കിലും നോർവേയിലും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതോടെ നെതർലാൻഡ്സും ആസ്ട്ര സെനക്ക വാക്സിൻറെ വിതരണം നിർത്തിവച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios