കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സേനയിൽ നിന്ന് വിരമിക്കുകയോ സ്വയം പിരിഞ്ഞുപോകുകയോ ചെയ്ത ആരോഗ്യപ്രവർത്തകരെ തിരികെ വിളിക്കാൻ തീരുമാനമായതായി ബിപിൻ റാവത്ത് അറിയിച്ചു. അവരോട് വീടിന് അടുത്തുള്ള കൊവിഡ് കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈനിക ആശുപത്രിയിലെ സേവനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തി. സൈനിക ആശുപത്രികളിലെ സൗകര്യം പരമാവധി സാധാരണക്കാർക്ക് കൂടി നല്കാൻ തീരുമാനമായി.
മഹാമാരി പ്രതിരോധിക്കുന്നത് സംബന്ധിച്ച് സേനകളുടെ തയ്യാറെടുപ്പ് പ്രധാനമന്ത്രി വിലയിരുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സേനയിൽ നിന്ന് വിരമിക്കുകയോ സ്വയം പിരിഞ്ഞുപോകുകയോ ചെയ്ത ആരോഗ്യപ്രവർത്തകരെ തിരികെ വിളിക്കാൻ തീരുമാനമായതായി ബിപിൻ റാവത്ത് അറിയിച്ചു. അവരോട് വീടിന് അടുത്തുള്ള കൊവിഡ് കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പ്രതിദിന കൊവിഡ് വർധന മൂന്നര ലക്ഷം പിന്നിട്ട അവസ്ഥയാണുള്ളത്. 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 2812 മരണം കൂടി ഈ സമയത്തിനുള്ളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവിൽ 28,13,658 പേർ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം രോഗമുക്തിനിരക്ക് വീണ്ടും താണു. നിലവിൽ 83.05 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടാം തരംഗത്തിന് തൊട്ട് മുമ്പ് ഇത് 96 ശതമാനമായിരുന്നു.
